പരിചരണ രംഗത്ത് വേറിട്ട മാതൃക; സാന്ത്വനമായി പീസ് വാലി

സാന്ത്വന പരിചരണ രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി. കിടപ്പുരോഗികളായ അന്‍പതോളം പേർക്കാണ് ഇവിടെ സാന്ത്വനവും പരിചരണവും അഭയവും നൽകുന്നത്. കോതമംഗലം സ്വദേശി പി.എം അബൂബക്കറാണ് പീസ് വാലിയുടെ അമരക്കാരൻ 

പ്രായാധിക്യത്താലും മാറാരോഗങ്ങളാലും ദുരിതം അനുഭവിക്കുന്ന ഒരുപിടി ആളുകൾക്ക് കൈത്താങ്ങാവുകയാണ് നെല്ലിക്കുഴിയിലെ പീസ് വാലി സാന്ത്വന പരിചരണ കേന്ദ്രം. പത്തേക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അന്പതോളം അന്തേവാസികളുണ്ട്. വീട്ടിലെ സ്നേഹവും കരുതലും ഓരോരുത്തർക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ സൌകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മികച്ച വൈദ്യസംഘത്തിൻറെ മുഴുവൻ സമയ സേവനവും ഇവിടെ ലഭ്യമാണ്. 

 സാന്ത്വനപരിചരണം ആവശ്യമുള്ളവരെ വീട്ടിൽ പോയി ഏറ്റെടുത്താണ് പീസ് വാലിയിൽ പരിചരണം ഒരുക്കുന്നത്. ഇവിടുത്തെ അന്തേവാസികൾക്കും മറ്റും ഉപയോഗപ്പെടുത്തുന്നതിനായി അഞ്ച് ഡയാലിസിസ് യൂണിറ്റുകളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ സൌകര്യം ഉപയോഗപ്പെടുത്താം.