അങ്ങാടിക്കുരുവികൾക്ക് കൂടൊരുക്കി ഇടുക്കി; പ്രത്യേക പദ്ധതി തുടങ്ങി

വംശനാശ ഭീഷണി നേരിടുന്ന  അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി ഇടുക്കി ജില്ലാ ഭരണകൂടം. മറയൂരിലാണ്  പദ്ധതിക്ക് തുടക്കമായത്.  പ്രദേശത്തെ പൈതൃക സ്വത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും നല്‍കി.

"അങ്ങാടി കുരുവികള്‍ക്കൊരു കൂട്'' എന്ന പദ്ധതി ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഉദ്ഘാടനം ചെയ്തു.  മറയൂര്‍ ഗ്രാമം, ഊരുവാസല്‍, പട്ടിക്കാട്, എന്നിവിടങ്ങളിലായി 240 കൂടുകള്‍ സ്ഥാപിച്ചു. രണ്ടായിരം വീടുകളിലായി നാലായിരം കൂടുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഇതിനോടനുബന്ധിച്ച്  ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കും  മറയൂരിന്റെ ചരിത്രവും, മുനിയറ, ഗുഹാചിത്രം തുടങ്ങിയവയെക്കുറിച്ച്   ക്ലാസും  സംഘടിപ്പിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഗൈഡുകള്‍ക്കും, വിനോദ സഞ്ചാരികള്‍ക്ക് തനത് ഭക്ഷ്യവിഭങ്ങള്‍ പാചകം ചെയ്ത് നല്‍കുന്ന ആദിവാസികള്‍ക്കും  പുരസ്ക്കാരം നൽകി.