കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ തൃത്താലയിലെ ചെറുകിട ജലസേചന പദ്ധതി

പാലക്കാട്‌ തൃത്താലയിലെ ചെറുകിട ജലസേചന പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. പ്രളയത്തിന് ശേഷം ജലവിതരണ പൈപ്പുകള്‍ തകര്‍ന്നതോടെ കൃഷിയിടങ്ങളിലേക്ക് വെളളം എത്തുന്നില്ലെന്നാണ് പ്രധാന പരാതി

ജലസേചനം നിലച്ചത് 1300 ഏക്കറിൽ വരുന്ന നെല്ല്, വാഴ, തുടങ്ങി എല്ലാത്തരം കൃഷിയിടങ്ങളെയും സാരമായി ബാധിച്ചു. കഴിഞ്ഞ പ്രളയത്തിൽ തൃത്താല ചെറുകിട ജലവിതരണ പമ്പ് ഹൗസിലെ പൈപ്പുകൾ തകർന്നിരുന്നു. ഇതാണ് കർഷകരെ വലക്കുന്നത്. 300 മീറ്റര്‍ നീളമുള്ള പൈപ്പിന്റെ മിക്കയിടങ്ങളിലും വെളളം ചോര്‍ന്ന് പാഴാകുന്നു. ജലസേചന വകുപ്പിൽ നിന്ന് അറ്റകുറ്റപണിക്കായി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു, എന്നാൽ അനുവദിച്ച തുകക്കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്.

300 മീറ്റര്‍ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുകയാണ് ഏക പോംവഴി, ഈ പ്രവൃത്തി നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്നതിന് 85 ലക്ഷം രൂപ വേണം. കാലപ്പഴക്കം കൊണ്ടും പ്രളയത്തിലെ തകർച്ചമൂലവും പൈപ്പ് ലൈൻ തീർത്തും ഉപയോഗശൂന്യമായി. കനാലിലേക്ക് വെളളം തുറന്നുവിട്ടാല്‍ കനാലിന് സമീപമുളള വീടുകളിലേക്കാണ് വെളളം ഒഴുകിയെത്തുന്നു.