പുലിപ്പേടിയില്‍ മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ്

ഇടുക്കി മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് പുലിപ്പേടിയില്‍.  പ്രദേശത്തെ  വളര്‍ത്തുമൃഗങ്ങളെ കഴിഞ്ഞ ദിവസം പുലി അക്രമിച്ചിരുന്നു. വനംവകുപ്പ്   നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു.

രണ്ട് ദിവസം മുമ്പാണ് മൂന്നാര്‍ കെ ഡി എച്ച് പി കമ്പനിയിലെ കടലാര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങിയതായി സ്ഥിരീകരിച്ചത്. രണ്ട് പശുക്കളെ പുലി അക്രമിച്ചതായി കണ്ടെത്തി. എസ്റ്റേറ്റ് മേഖലയില്‍ പുലിയെ നേരില്‍കാണുകയും ചെയ്തതോടെ ഭയന്നിരിക്കുകയാണ് നാട്ടുകാര്‍. മൂന്നാറില്‍ നിന്നും എസ്റ്റേറ്റിലേയ്ക്ക് വാഹനത്തില്‍ വരുമ്പോളാണ് പുലി തെയിലക്കാട്ടിലേയ്ക്ക് ഓടി മറയുന്നതായി കണ്ടത്. ഇവര്‍ പുലിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. 

പുലിയെ പിടികൂടാന്‍  നടപടിയുമായി വനം വകുപ്പ് രംഗത്തെത്തി. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പുലിയെ കുടുക്കുന്നതിനായി കൂട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.