നിലം കരഭൂമിയാക്കിയതിനെതിരെ യുഡിഎഫ് പ്രതിഷേധം

ആലുവ കുന്നത്തുനാട്ടിൽ 15 ഏക്കർ സ്ഥലം ഭൂമാഫിയക്ക് വേണ്ടി കരഭൂമിയാക്കി മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കമിട്ടു. എംഎൽഎ വി.പി.സജീന്ദ്രന്റെ  നേതൃത്വത്തിൽ വിവാദഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ സ്ഥലത്ത് കൊടിനാട്ടി. യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ  ഉദ്ഘാടനം ചെയ്ത പ്രക്ഷോഭം തുടരും.

കൊച്ചിയിൽ റജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഭൂമിയിലാണ് കോൺഗ്രസ് പ്രവർത്തകർ കൊടിനാട്ടിയത്. തണ്ടപ്പേർ അനുസരിച്ചും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് തയാറാക്കിയ ഡാറ്റാബാങ്കിലും നിലമെന്ന് കാണിച്ചിട്ടുള്ള ഭൂമിയാണിതെന്നാണ് ആരോപണം. ഇത് നികത്താനുള്ള ശ്രമത്തിനെതിരെ മൂവാറ്റുപുഴ ആർ.ഡി.ഒ നൽകിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ സെപ്തംബറിൽ നികത്തൽ നിറുത്തിവയ്ക്കാൻ  കലക്ടർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കി റവന്യു അഡിഷനൽ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് കോൺഗ്രസ് ചോദ്യംചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ഒത്താശയോടെയാണ് വയൽനികത്തൽ അംഗീകരിച്ചുള്ള കരഭൂമി ഉത്തരവിറക്കിയതെന്നും ബെന്നി ബഹന്നാൻ ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ തുടർസമരപരിപാടികൾ നടത്താനാണ് കോൺഗ്രസ് തീരുമാനം.