പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടിയുടെ ചന്ദ്രശേഖരൻ

തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടിയുടെ സ്വന്തം ചന്ദ്രശേഖരനാണ്. കൊമ്പന്‍ ശിവസുന്ദറിന്‍റെ വിയോഗത്തിനു ശേഷം തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റുന്നത് ഇതു രണ്ടാംതവണ.  

 കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ പൂരപറമ്പുകളിലെ മെഗാസ്റ്റാറാണ്. കൊമ്പന്‍ ശിവസുന്ദറുണ്ടായിരുന്നപ്പോള്‍ വലംകൈ ആയി ചന്ദ്രശേഖരനുണ്ടായിരുന്നു. തലയെടുപ്പില്‍ കേമന്‍. കാഴ്ചയില്‍ സുന്ദരന്‍. കറുപ്പഴകില്‍ ഉദിച്ചു നില്‍ക്കും. ചന്ദ്രശേഖരനെക്കുറിച്ച് പറയുമ്പോള്‍ ആനപ്രേമികള്‍ക്കു നൂറു നാവാണ്. തിരുവമ്പാടിയില്‍ 28 വര്‍ഷം തുടര്‍ച്ചയായി തിടമ്പേറ്റിയ പഴയ ചന്ദ്രശേഖരന്‍റെ പാരമ്പര്യമാണ് പിന്‍തുടരുന്നത്. തിരുവമ്പാടി ദേശക്കാരനായ ഗോപി വാര്യര്‍ പന്ത്രണ്ടു വര്‍ഷം മുമ്പാണ് ആനയെ സമര്‍പ്പിച്ചത്. രാത്രി എഴുന്നള്ളിപ്പുകളില്‍ അന്നും ചന്ദ്രശേഖരനുണ്ടായിരുന്നു. പതിനഞ്ചാനകളില്‍ പ്രാധാന്യം കൂടിക്കൂടി വന്നു. അവസാനം, ശിവസുന്ദറിനൊപ്പമെത്തി. തിരുവമ്പാടി ദേശക്കാര്‍ക്കു മാത്രമല്ല പൂര സീസണില്‍ ഒന്നാകെ ചന്ദ്രശേഖരന് വന്‍ഡിമാന്‍ഡാണ്. തൃശൂര്‍ പൂരത്തിലെ ചന്ദ്രശേഖര പെരുമ ഓരോ വര്‍ഷവും കൂടി വരികയാണ്.

കുടമാറ്റത്തിന് തൊട്ടു മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുര വാതില്‍ കടന്നു വരുമ്പോഴാണ് ആനചന്തം ആസ്വദിക്കാനുള്ള ഏറ്റവും മനോഹരമായ നിമിഷം. കുടമാറ്റത്തിനായി മുപ്പത് ആനകള്‍ രണ്ടു വിഭാഗങ്ങളിലായി അണിനിരക്കുമ്പോള്‍ ആനപ്രേമികള്‍ അവരുടെ മെഗാസ്റ്റാറുകളുടെ അടുത്ത് സ്ഥാനം പിടിക്കാനാണ് മല്‍സരിക്കുക. തിരുവമ്പാടി ചന്ദ്രശേഖരന്‍ വീണ്ടും ഒരു പൂരത്തിനും ആരവങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. ചന്ദ്രശേഖരനെ കാത്ത് പൂരപ്രേമികളും.