പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഡ്രെയിനേജ് സംവിധാനം തകര്‍ന്നു

തിരഞ്ഞെടുപ്പുവാഹനങ്ങള്‍ കയറിയിറങ്ങിയ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഡ്രെയിനേജ് സംവിധാനം തകര്‍ന്ന് ഉപയോഗശൂന്യമായ നിലയില്‍. പ്രചാരണ ആവശ്യത്തിനായി സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയ പന്തല്‍ ഇതുവരെയും പൊളിച്ചുമാറ്റിയിട്ടില്ല. അസൗകര്യങ്ങള്‍ കുന്നുകൂടിയതോടെ കുട്ടികളുടെ അവധിക്കാല കായിക പരിശീലനക്ലാസ് മുടങ്ങിയിരിക്കുകയാണ്. 

ഏപ്രില്‍ എട്ടിന് ഉയര്‍ന്നതാണ് ജില്ലയിലെ മുഖ്യകായിക പരിശിലന കേന്ദ്രമായ സ്റ്റേഡിയത്തിലെ ഈ പന്തല്‍. വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയോട് അടുക്കുമ്പോഴും പന്തല്‍ പൊളിച്ചുമാറ്റാന്‍ ആരും കൂട്ടാക്കിയിട്ടില്ല.  ഏപ്രില്‍ ഏട്ടുമുതല്‍ നിര്‍ത്തിവച്ച അവധിക്കാല കായികപരിശീലന ക്യാംപ് ഇതുവരെ പുനരാംരംഭിട്ടില്ല. മൈതാനത്ത് കുണ്ടുംകുഴിയുമാണ്. വലുതും ചെറുതുമായ വാഹനങ്ങള്‍ കയറിയിറങ്ങി ട്രാക്കും തകര്‍ന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍വാഹനങ്ങള്‍ ഉള്‍പ്പെെട പാര്‍ക്ക് ചെയ്തതും കയറിയിറങ്ങിയതും മൈതാനമധ്യത്തിലൂടെ.ഡ്രൈയിനേജ് സംവിധാനവും താറുമാറായെന്നാണ് ആരോപണം.

മുന്‍പ് വാഹനങ്ങൾ സ്റ്റേഡിയത്തിലേക്ക്  കയറിയാൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നു. സ്റ്റേഡിയത്തിലേക്ക് വാഹനങ്ങൾ കയറരുതെന്ന ബോർഡും കളത്തിന് പുറത്താണ്. പ്രഭാത സവാരിക്കാർക്ക് പോലും തടസം സൃഷ്ടിക്കും വിധം ഇരുമ്പ് കമ്പികളും മറ്റും സ്റ്റേഡിയത്തിനുള്ളിൽ  കൂട്ടിയിട്ടിരിക്കുകയാണ്.