തോട്ടം തൊഴിലാളി സമരം ശക്തമാകുന്നു

ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ തോട്ടം തൊഴിലാളി സമരം ശക്തമാകുന്നു. കയ്യേറിയ സ്ഥലത്ത് നൂറ്റമ്പതോളം കുടില്‍കെട്ടി തൊഴിലാളികൾ സമരം തുടരുകയാണ്. നാളെ മുതല്‍ നിരാഹര സമരം ആരംഭിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു.   

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂ രഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടിയുള്ള സമരം ആറാം ദിവസം  പിന്നിടുന്നു. സമരം ശക്തമായതോടെ കൂടുതല്‍ തൊഴിലാളികള്‍ പ്രദേശത്തേയ്‌ക്കെത്തി കുടില്‍കെട്ടുന്നുണ്ട്. നിലവില്‍ നൂറ്റമ്പതിലധികം കുടിലുകളാണ് പ്രദേശത്ത് കെട്ടിയിരിക്കുന്നത്. സമരം ആറാം ദിവസ്സം പിന്നിടുമ്പോളും അദികൃതര്‍ ഇവിടേയ്ക്ക് എത്തിയിട്ടില്ല . ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ സമരത്തിലേയ്ക്ക് ഇവര്‍ എത്തിയിട്ടില്ല. 

സ്വന്തമായി മൂന്ന് സെന്റ് ഭൂമി കിട്ടിയില്ലെങ്കില്‍ മരണംവരെ നിരാഹാര സമരം നടത്തുമെന്ന നിലപാടിലാണ് തൊഴിലാളികള്‍. തോട്ടങ്ങളിൽ പണിമുടക്കിയാണ് തൊഴിലാളികള്‍ നിരാഹര സമരത്തിന് ഒരുങ്ങുന്നത്.