സ്വകാര്യവ്യക്തി തോട് ചെക്ക് ഡാം കെട്ടി അടച്ചതായി പരാതി

ഇടുക്കി നെടുങ്കണ്ടം പട്ടത്തിമുക്ക്  തോട് സ്വകാര്യവ്യക്തി ചെക്ക് ഡാം കെട്ടി അടച്ചതായി പരാതി. കനത്ത വേനലില്‍ പ്രദേശത്ത് ജലക്ഷാമം നേരിടുമ്പോഴാണ്  അനധികൃത നിര്‍മാണം.  തോട്ടില്‍ നിന്ന്  വെള്ളം  പമ്പു ചെയ്ത്  വറ്റിക്കുന്നുവെന്നും  ആരോപണം.  

നെടുങ്കണ്ടം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലൂടെ ഒഴുകുന്ന പട്ടത്തിമുക്ക് തോട്ടിലാണ് തടയണ.  നാട്ടുകാര്‍ കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന തോടാണ് ഇത് . എന്നാൽ സ്വകാര്യവ്യക്തി മേഖലയിൽ ഏക്കർകണക്കിന് ഭൂമി കുന്നിൻമുകളിൽ വാങ്ങിക്കൂട്ടിയതോടെ തോടിന്റെ  ഉടമസ്ഥാവകാശം ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഏലംകൃഷി ചെയ്യുകയും ,കൃഷിക്കായി ജലം സംഭരിക്കുന്നതിന് തോടിന് കുറുകെ ചെക്ക് ഡാം നിർമിക്കുകയും ചെയ്തു. 

നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ  ജെസിബി ഉപയോഗിച്ച് തോടിന്റെ ഗതി തന്നെ പൂർണമായും മാറ്റിയെന്നാണ് ആരോപണം.  

 നാട്ടുകാർ പൊലീസിനും  പഞ്ചായത്തിനും  പരാതി നൽകി. എന്നാൽ പഞ്ചായത്ത് മെമ്പറുടെ ഒത്താശയോടെ പരാതിക്കാരെ കള്ളക്കേസിൽ കുടുക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു .അടുത്ത മഴക്കാലത്തെങ്കിലും അനധികൃത ചെക്ക് ഡാം പൊളിച്ച് നാട്ടുകാർക്ക് വെള്ളം  നല്‍കണമെന്നാണ് ആവശ്യം