വന്യജീവികളെ കണ്ട് അവധിക്കാലം ആഘോഷമാക്കാം; തട്ടേക്കാടേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വിനോദസഞ്ചാരികളെ വരവേറ്റ് തട്ടേക്കാട് പക്ഷിസങ്കേതം. അവധിക്കാലമായതോടെ തട്ടേക്കാടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. കൊടുംചൂടില്‍ നിന്നു രക്ഷപ്പെടാന്‍ കൂടുതല്‍ വന്യജീവികള്‍ പെരിയാറില്‍ കുളിക്കാനെത്തുന്നതാണ് പ്രധാന കാഴ്ചകളിലൊന്ന്.

മനുഷ്യരെപ്പോലെ നീന്തുകയും കുളിക്കുകയും ചെയ്യുന്ന ഈ കുരങ്ങുകള്‍ ആരിലും കൗതുകം സൃഷ്ടിക്കും. ഇതുപോലെയുള്ള മൃഗങ്ങളുടേയും പക്ഷികളുടേയും വിസ്മയക്കാഴ്ചകളും മനോഹരമായ പ്രകൃതിയുമാണ് സഞ്ചാരികളെ തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ആകര്‍ഷിക്കുന്നത്. കടുത്ത ചൂടിനെ അതിജീവിക്കാന്‍ പക്ഷികളും മൃഗങ്ങളും പെരിയാറില്‍ നീരാടാനെത്തുന്നതാണ് ഇവിടുത്തെ വേനല്‍ക്കാഴ്ച. അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കാണാനും അവയെപ്പറ്റി പഠിക്കാനും പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് സുരക്ഷിതമായ നടപ്പാതയും വിശ്രമസ്ഥലവും ഒരുക്കാനും നടപടിയായിക്കഴിഞ്ഞു. 

ദൂരയാത്ര ഒഴിവാക്കി സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും തട്ടേക്കാട് തിരഞ്ഞെടുക്കുന്നു.  എത്ര ചൂടുണ്ടെങ്കിലും ഇവിടെ എത്തിയാല്‍ അത് അനുഭവപ്പെടില്ലെന്നാണ് സഞ്ചാരികളുടെ പക്ഷം.സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് ട്രക്കിങ്ങിനും ക്യാംപ് ചെയ്യാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്