പൊന്തന്‍പുഴ സമരം മൂന്നാംഘട്ടത്തിലേക്ക്; വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധം

വനസംരക്ഷണവും വനാതിര്‍ത്തിയിലുള്ളവര്‍ക്ക് പട്ടയവും ആവശ്യപ്പെട്ടുള്ള പൊന്തന്‍പുഴ സമരം മൂന്നാംഘട്ടത്തിലേക്ക്. രേഖകളെല്ലാം അനുകൂലമായിട്ടും പ‌ട്ടയം അനുവദിക്കാത്തതിനാല്‍ വോട്ട് ബഹിഷ്കരിച്ചുള്ള പ്രതിഷേധവും നടന്നു. പത്തനംതിട്ട– കോട്ടയം ജില്ലകളിലായി രണ്ടായിരത്തിലധികംപേര്‍ വോട്ട് ചെയ്തില്ലെന്നാണ് സമരസമിതിയുടെ കണക്ക്.

ആറുപതിറ്റാണ്ടായി തുടരുന്ന നീതി നിഷേധത്തിനെതിരെ പൊന്തന്‍പുഴ– വലിയകാവ് വനാതിര്‍ത്തിയിലുള്ള ആയിരത്തിയിരുന്നൂറോളം കുടുംബങ്ങള്‍ ഒരു വര്‍ഷത്തിലധികമായി സമരത്തിലാണ്. പട്ടയം അനുവദിക്കാത്തിനെതിരെ പെരുമ്പെട്ടിയിലും പ്ലാച്ചേരിയിലും കുടില്‍കെട്ടി സമരം തുടരുകയാണ്. സമരം മൂന്നാംഘട്ടത്തിലേക്ക് ചുവടുമാറ്റിയതിന്‍റെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും വലിയ സാന്നിധ്യമാണ് സമരപന്തലുകളില്‍ ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് വനം– റവന്യൂ വകുപ്പുകളുടെ സംയുക്ത സര്‍വേയുടെ അടിസ്ഥാനത്തില്‍ വലിയകാവ് വനാതിര്‍ത്തിയിലുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി ആരംഭിക്കാന്‍ പത്തനംതിട്ട കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംയുക്തസര്‍വേയ്ക്കായി ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ആയിരത്തിയഞ്ഞൂറിലധികം ഏക്കറുള്ള വലിയകാവ് വനത്തിന്‍റെ സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ പെരുമ്പെട്ടിയിലെത്തിയത്. ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് കടുത്ത നിലപാടുമായി സമരക്കാരും രംഗത്തെത്തിയത്.