മനയ്ക്കച്ചിറ ടൂറിസം പദ്ധതി പാതിവഴിയില്‍

കോട്ടയം ചങ്ങനാശേരിയു‌ടെ പ്രതീക്ഷയായിരുന്ന മനയ്ക്കച്ചിറ ടൂറിസം പദ്ധതി പാതിവഴിയില്‍ നിലച്ചു. മാറിവന്ന സര്‍ക്കാരുകളുടെ അവഗണനയാണ് ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിയെ നശിപ്പിച്ചത്.  

ആലപ്പുഴയെന്ന കിഴക്കിന്‍റെ വെനീസിലേക്കുള്ള വഴികാട്ടിയെന്ന നിലയിലാണ് ചങ്ങനാശേരിയില്‍ മനയ്ക്കച്ചിറ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയ്ക്കുള്ള എ.സി റോഡിന്‍റെ അരികില്‍ ചെറുകോട്ടേജുകളും, ഇരിപ്പിടങ്ങളും, നടപ്പാതകളുമായി നിര്‍മാണം പുരോഗമിക്കുകയും ചെയ്തു. ജലപാതയിലേക്ക് ഇറങ്ങി നില്‍ക്കുംവിധമായിരുന്നു രൂപകല്‍പന. 2006-2011 കാലഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസംവകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്താണ് പദ്ധതി ആരംഭിച്ചത്. മനയ്ക്കച്ചിറയില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍പോലും ഇപ്പോള്‍ പരിചരണമില്ലാതെ നശിക്കുകയാണ്.

ചങ്ങനാശേരിയിലെ മലിനജലം മുഴുവന്‍ മനയ്ക്കച്ചിറയിലേക്ക് ഒഴുകിയെത്തുന്നതിന് പരിഹാരമുണ്ടാക്കാനും അധികൃതര്‍ക്കായിട്ടില്ല. പദ്ധതിയുടെ ഭാഗമായി 2006ല്‍ ആരംഭിച്ച ജലോല്‍സവവും പിന്നീടുണ്ടായില്ല. ഉള്‍നാടന്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതി പൂര്‍ണമായും നശിക്കുന്നതിന് മുന്‍പ് വീണ്ടെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.