പൊട്ടിപ്പൊളിഞ്ഞ് മാങ്കുളം ആറാംമൈല്‍ റോഡ്

പൊട്ടിപ്പൊളിഞ്ഞു ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആറാംമൈല്‍ റോഡ് . അറ്റകുറ്റപ്പണി നടത്താൻ പോലും സർക്കാർ പണം അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.  

മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളിലൊന്നാണ് പെരുമന്‍കുത്ത് ആറാംമൈല്‍ റോഡ്. ചിക്കണംകുടി, കള്ളക്കൂട്ടി കുടി, സിങ്ക് കുടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കും ആറാംമൈലും അമ്പതാംമൈലും ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ള ഓരോഒരു പാതയാണിത്.  കഴിഞ്ഞ നാല് വര്‍ഷമായി റോഡ് ഇങ്ങനെ  തകര്‍ന്ന് കിടക്കുകയാണ്. ഇടക്കിടെ നാട്ടുകാരും  സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന അറ്റകുറ്റപ്പണികള്‍ അല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ഈ റോഡില്‍ നടന്നിട്ടില്ല. റോഡിലെ കുഴികളില്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാണ്.

ഇത് വഴി രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതി ആണ്. പ്രളയത്തില്‍ തകര്‍ന്ന പാതയുടെ 100 മീറ്ററോളം ഭാഗം ഇനിയും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. പ്രദേശത്തേക്ക് സര്‍വ്വീസ് നടത്തിവരുന്ന കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ സര്‍വ്വീസ് അവസാനിപ്പിക്കുന്ന കാര്യം ആലോചനയിലാണ്. ആറാമൈല്‍ അമ്പതാം മൈല്‍ മേഖലകളിലെ വിനോദ സഞ്ചാരത്തിനും റോഡിന്റെ തകര്‍ച്ച തിരിച്ചടിയായി.