സൗജന്യ കുടിവെള്ളം വിതരണം ചെയ്ത് പ്രവാസികളുടെ കൂട്ടായ്മ

കോതമംഗലത്തിന് സമീപം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് പ്രവാസികളുടെ കൂട്ടായ്മ. പല്ലാരിമംഗലം, വാരപ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് 'അടിവാട്' പ്രവാസി കൂട്ടായ്മ കുടിവെള്ളം എത്തിക്കുന്നത്.

ജലം ജീവനാണ്, കരുതാം നാളെയ്ക്കായി എന്ന ആപ്തവാക്യവുമായാണ് അടിവാട് പ്രവാസി കൂട്ടായ്മയിലെ അംഗങ്ങള്‍ രണ്ടാം വര്‍ഷവും സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്. ടാങ്കറുകള്‍ വാടകയ്ക്ക് എടുത്തും, മോട്ടോറും അനുബന്ധ ഉപകരണങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചുമാണ്  ഇവരുടെ കുടിവെള്ള വിതരണം. വിദേശത്തുനിന്ന് ഏതാനും ദിവസത്തെ അവധിയില്‍ എത്തിയവരാണ് ഇവരില്‍ ഏറെയും. 

മൂന്നുദിവസത്തിനുള്ളില്‍ ഇരുപത്തയ്യായിരം ലീറ്ററിലേറെ കുടിവെള്ളമാണ് പുലിക്കുന്നേപ്പടി, വെള്ളാരമറ്റം, പള്ളിക്കുന്ന്, ഈട്ടിപ്പാറ, അടിവാട്, പല്ലാരിമംഗലം, പൈമറ്റം, തുടങ്ങിയ ഭാഗങ്ങളില്‍ ഇവര്‍ എത്തിച്ചുകൊടുത്തത്. ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ പ്രദേശത്തെ ഉപയോഗശൂന്യമായികിടക്കുന്ന കുഴല്‍ക്കിണറുകളും ജലസംഭരണികളും നവീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് പ്രവാസി കൂട്ടായ്മയുടെ ആവശ്യം.