ടാറിങ് പൂർത്തിയാക്കി ഒരാഴ്ച കഴിയും മുമ്പേ റോഡ് തകർന്നു

ടാറിങ് പൂർത്തിയാക്കി ഒരാഴ്ച കഴിയും മുമ്പേ റോഡ് തകർന്നു. മൂവാറ്റുപുഴ പായിപ്ര സ്കൂൾപടി കല്ലുപാലം റോഡാണ് ടാറിങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ തകർന്നത്. ഒന്നേമുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന രണ്ട് കിലോമീറ്റർ റോഡിന്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ ഉൾപ്പെടുത്തി രണ്ട് കിലോമീറ്റർ ദൂരം വരുന്ന സ്കൂൾപടി -കല്ലുപാലം റോഡിനായി ഒരു കോടി 76 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാറുകാരൻ റോഡ് നിർമാണം നടത്തിയതെന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യത്തിന് ടാറും മറ്റ് വസ്തുക്കളും ഉപയോഗിച്ചില്ല. മുക്കാൽ ഇഞ്ച് മെറ്റൽ ഒഴുവാക്കി ഗ്രാവൽ മാത്രമാണ് ഉപയോഗിച്ചതെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ റോഡിന്റെ മധ്യഭാഗമടക്കം ടാറിംഗ് പൊളിഞ്ഞു. തുടര്‍ന്നാണ് നാട്ടുകാർ സംഘടിച്ച് എത്തി റോഡ് നിർമ്മാണം തടഞ്ഞത്. 

നിർമ്മാണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപാക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇനി ഏകദേശം അരകിലോമീറ്ററില്‍ താഴെ മാത്രമാണ് ടാര്‍ ചെയ്യാനുള്ളത്. അതിനിടെയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റോഡുപണി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.