അറ്റകുറ്റപ്പണി നടത്താതെ മൂന്നാര്‍ നെല്ലിക്കാട് റോഡ്

പണം അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താതെ മൂന്നാര്‍ നെല്ലിക്കാട് റോഡ്. റോഡ് നിര്‍മാണത്തിന്റെ പേരില്‍  പഞ്ചായത്ത് അംഗം നാട്ടുകാരില്‍ നിന്ന്  പണപ്പിരിവ് നടത്തിയെന്നും ആരോപണം. പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം.  

  

മൂന്നാര്‍  പോതമേട്- നെല്ലിക്കാട് പ്രദേശത്തേക്കുള്ള വഴി. 2002 ലാണ്  ഈ റോഡ് അവസാനമായി ടാറിംങ്ങ് നടത്തിയത്. കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ  കോൺഗ്രീറ്റ് ചെയ്യുന്നതിന് സമീപത്തെ റിസോര്‍ട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും പഞ്ചായത്ത് അംഗം നാട്ടുകാരുടെ സഹകരണത്തോടെ പണം പിരിച്ചു. ചില ഇടങ്ങളില്‍ അറ്റകുറ്റപ്പണി  ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പൊട്ടിപൊളിഞ്ഞു.

റോഡ് നിര്‍മാണത്തിന് വേണ്ടി സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിച്ചെങ്കിലും വിനിയോഗിച്ചില്ല. പിരിച്ചെടുത്ത പണവും തട്ടിയെടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. അഞ്ഞുറ് കൂടുംബങ്ങളാണ് നെല്ലിക്കാട് മേഖലയില്‍ താമസിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ റോഡിന്റെ ശോചനീയവസ്ഥമൂലം കുട്ടികളെ സ്‌കൂളില്‍ വിട്ടുന്നതിനോ, രോഗികളെ ആശുപത്രിയിലെത്തിക്കാനും കഴിയുന്നില്ല.

അധികൃതര്‍ നടപടിയെടുക്കാതായതോടെ പ്രതിഷേധങ്ങള്‍ ശക്തമാക്കുകയാണ് നാട്ടുകാര്‍.