സൗജന്യ റേഷന്‍ വിതരണത്തിന് പണം ഈടാക്കുന്നു

ഇടുക്കി ഇടമലക്കുടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണത്തിന് പട്ടികവര്‍ഗ സൊസൈറ്റി പണം ഈടാക്കുന്നു. ഒരുകിലോ അരിയ്ക്ക് പത്തരരൂപയാണ് കാര്‍ഡ് ഉടമകളില്‍നിന്ന് ഈടാക്കുന്നത്. റേഷന്‍ എത്തിക്കാനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതെന്നാണ് വിശദീകരണം.  

കാര്‍ഷിക മേഖലയടക്കം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങളുടെ ഏക ആശ്രയം സൗജന്യമായി ലഭിക്കുന്ന റേഷനരിയാണ്. എന്നാല്‍ ഇത് വാങ്ങുന്നതിനും ഇപ്പോള്‍ പണം നല്‍കേണ്ട ഗതികേടിലാണ് കുടി നിവാസികള്‍. ഒരു കിലോ അരിയ്ക്ക് പത്തുരൂപാ അമ്പത് പൈസ നൽകണം.   അങ്ങനെ മുപ്പത് കിലോ അരി വാങ്ങുന്നതിന് മുന്നൂറ്റി പതിനഞ്ച് രൂപാ കാര്‍ഡുടമ റേഷന്‍ വിതരണം നടത്തുന്ന സ്വസൈറ്റിക്ക് നല്‍കണം. 

റേഷന്‍ കുടിയില്‍ എത്തിയ്ക്കുന്നതിനുള്ള ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുന്നില്ല. ഈ ഇനത്തില്‍ മുപ്പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സൊസൈറ്റിക്ക് നല്‍കാനുള്ളത്. നിലവില്‍  സ്വസൈറ്റിക്ക് പണം കണ്ടെത്തുവാന്‍ കഴിയില്ലെന്നും അതിനാലാണ് പണം ഈടാക്കുന്നതെന്നും റേഷന്‍ വിതരണം നടത്തുന്ന ദേവികുളം പട്ടികവര്‍ഗ്ഗ സ്വസൈറ്റി അധികൃതര്‍ പറയുന്നു.

റേഷന്‍ വിതരണം സൗജന്യമായി നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ്  കുടി നിവാസികളുടെ ആവശ്യം.