രണ്ടുമാസമായി ശമ്പളമില്ല; സൗത്ത് റയില്‍വേസ്റ്റേഷന്‍ ശുചീകരണത്തൊഴിലാളികള്‍ പണിമുടക്കിൽ

രണ്ടുമാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് എറണാകുളം സൗത്ത് റയില്‍വേസ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ പണിമുടക്കില്‍. ശമ്പളക്കുടിശിക ലഭിക്കാതെ ഇനി ജോലിചെയ്യില്ലെന്ന കര്‍ശന നിലപാടിലാണ് തൊഴിലാളികള്‍. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ ഡൈനാമിക് എന്ന ഏജന്‍സിയുടെ കീഴില്‍ ജോലിചെയ്യുന്ന 67 തൊഴിലാളികളില്‍ 64 പേരും സ്ത്രീകളാണ്.

ശമ്പളം ആവശ്യപ്പെടുമ്പോഴെല്ലാം ഉടന്‍ നല്‍കാമെന്ന മറുപടി മാത്രമാണ് ഏജന്‍സിയില്‍ നിന്ന് ലഭിക്കുന്നത്. പത്തുവര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്ന ഇവരില്‍ പലരും, യാത്രാക്കൂലി കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്. പിഎഫിലേക്കും ഇ.എസ്.ഐയിലേക്കും കമ്പനി വിഹിതം അടയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

ആഴ്ചയിലൊരിക്കല്‍ ലഭിച്ചിരുന്ന ശമ്പളത്തോടുകൂടിയ അവധി പുതിയ ഏജന്‍സി നിര്‍ത്തലാക്കിയെന്നും തൊഴിലാളികള്‍ പറയുന്നു. ശമ്പളം നല്‍കിയില്ലെങ്കില്‍ അടുത്തദിവസങ്ങളിലും പണിമുടക്ക് തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. ഇത് റയില്‍വേ സ്റ്റേഷനിലെ മാലിന്യനിര്‍മാര്‍ജനത്തെ ഗുരുതരമായി ബാധിക്കും.