മാലിന്യ നിർമാർജനരംഗത്ത് പുത്തന്‍ ചുവടുവയ്പ്പ്; 'കൈ നിറയെ മണ്ണുമായി' കോതമംഗലം ചെറിയ പള്ളി

മാലിന്യ നിർമാർജനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെ നേതൃത്വത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്. ആൻറണി ജോൺ എംഎൽഎയുടെ നേതൃത്വത്തിലുള്ള മാലിന്യ നിർമാർജന പദ്ധതിയായ അരുത് വൈകരുതിന്റെ ഭാഗമായി മാർത്തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളും അണിനിരക്കും. കൈ നിറയെ മണ്ണ് എന്ന പേരിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനവും  ലോഗോ പ്രകാശനവും കോതമംഗലത്ത് നടന്നു.

മാര്‍ ബസേലിയോസ് സ്ഥാപനങ്ങൾക്കുപുറമെ അയ്യായിരത്തില്‍പരം വിദ്യാർഥികളുടെയും തൊള്ളായിരത്തോളം ജീവനക്കാരുടെയും ഭവനങ്ങളില്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കും. ജൈവ ഖരമാലിന്യങ്ങൾ വേര്‍തിരിച്ച്ശേഖരിച്ച് ജൈവ മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് വളമാക്കി മാറ്റും. ഈ വളം അതത് സ്ഥാപനങ്ങളിലെ ജൈവ കൃഷിക്കായി ഉപയോഗിക്കും. ഖര മാലിന്യങ്ങൾ റീസൈക്ക്ളിങ്ങിനായി മാറ്റും. മുന്നൂറ് കിടക്കകളുള്ള ആശുപത്രിയിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. 

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മാർ ബസേലിയോസ് ദന്തൽ കോളേജിലെ ഉദ്ഘാടനച്ചടങ്ങും.  വൃക്ഷതൈ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്.  ചായ നൽകിയത് മൺഗ്ലാസ്സില്‍.  കരിക്കിൻ വെള്ളം കുടിക്കാനായി നല്‍കിയ സ്ട്രോ  ഈറ്റയില്‍ തീർത്തതും. ആൻറണി ജോൺ എംഎൽഎ ഉദ്ഘാടകനായ ചടങ്ങില്‍ ഫാദർ. ജോസ് പരുത്തുവേലിൽ അധ്യക്ഷനായിരുന്നു.