റവന്യു ഉത്തരവിന്റെ മറവിൽ വ്യാപക മരം മുറി; എതിർപ്പുമായി വനം വകുപ്പ്

മരംമുറി നിരോധന ഉത്തരവ്  ഭേദഗതിയുടെ മറവില്‍ ഇടുക്കിയിലെ അഞ്ച്  വില്ലേജുകളില്‍ നിന്ന് മരം മുറിക്കാന്‍ റവന്യൂ വകുപ്പിന്റെ അനുമതി. വ്യാജ പട്ടയമാണെന്ന്  കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടാകമ്പൂര്‍ അടക്കമുള്ള അഞ്ച് വില്ലേജുകളിലെ മരംമുറിക്കല്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഭൂരേഖകള്‍ പരിശോധിച്ച് വരുന്നതിനിടയിലാണ് റവന്യൂവകുപ്പ് മരം മുറിക്കലിന് അനുമതി നല്‍കിയത്.

കുറിഞ്ഞി ഉദ്യാനമുള്‍പ്പെടുന്ന കൊട്ടാകമ്പൂര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ അഞ്ച് വില്ലേജുകളിലാണ് മരം മുറിയ്ക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.  ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ലാന്റ് റവന്യൂ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ച് വരികയുമാണ്. ഇടുക്കി എം പി ജോയിസ് ജോര്‍ജ്ജിന്റെയടക്കം ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നതിന് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഇതിനിടിയാണ് അഞ്ച് വില്ലേജുകളില്‍ മരം മുറിക്കുന്നതിനുള്ള  റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ്. മരങ്ങള്‍  മുറിക്കുന്നതിന് അനുമതി നല്‍കിയുള്ള പുതിയ ഉത്തരവിനെതിരേ വനംവകുപ്പ്  രംഗത്തെത്തി.  വനംവകുപ്പ് ഇടുക്കി ജില്ലാ കലക്ടര്‍, ദേവികുളം സബ് കലക്ടർ എന്നിവരെ സമീപിച്ചിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്താനത്തില്‍ സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ്കലക്ടര്‍ രേണുരാജ് മൂന്നാര്‍ ഡി വൈ എസ് പിയ്ക്കും കത്തുനല്‍കിയിട്ടുണ്ട്.

എന്നാല്‍ റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം നാലാം തീയതി മരംമുറിക്കലിന്റെ ഉദ്ഘാടനം നടത്തുന്നതിന് തയ്യാറെടുക്കുകയാണ് വട്ടവട പഞ്ചായത്ത്‌.