അനധികൃത ചീനവലകൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം

വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ചീനവലകൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഫിഷറീസ് വകുപ്പിന് പുറമെ വൈദ്യുതിവകുപ്പിന്‍റെ അനാസ്ഥയ്ക്കുമെതിരെ നാട്ടുകാര്‍ സമരം ആരംഭിച്ചു. തലയാഴം കെഎസ്ഇബി ഓഫിസ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. 

വൈക്കം മേഖലയില്‍ മാത്രം വേമ്പനാട്ട് കായലില്‍ അഞ്ഞൂറിലേറെ അനധികൃത ചീനവലകളാണ് പ്രവര്‍ത്തിക്കുന്നത്. വന്‍കിട റിസോര്‍ട്ട് ഉടമകള്‍ക്ക് പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുമാണ് ചീനവലകളുടെ ഉടമകള്‍. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി മോഷ്ടിച്ചാണ് ഭൂരിഭാഗം ചീനവലകളുടെയും പ്രവര്‍ത്തനം. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ നടപടിയെടുക്കാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തലയാഴം കെഎസ്ഇബി ഓഫിസിലേക്ക് പ്രതിഷേധവുമായെത്തിയ മത്സ്യത്തൊഴിലാളികള്‍ ഓഫിസ് ഉപരോധിച്ചു. വന്‍കിടക്കാരുടെയും രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങിയാണ് അധികൃതര്‍ നടപടികള്‍ ഒഴിവാക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം.

ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടും വൈദ്യുതി മോഷണം തടയാന്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. കായലിനു മദ്ധ്യഭാഗം വരെ സ്ഥാപിച്ചിരിക്കുന്ന ചീനവലകളിലേക്ക് അപകടകരമാംവിധമാണ് വൈദ്യുതി എത്തിക്കുന്നത്. വെള്ളത്തിലൂടെ ഇട്ടിരിക്കുന്ന വൈദ്യുതി കേബിളുകളിൽ തട്ടി മത്സ്യതൊഴിലാളികൾ അപകടത്തില്‍പ്പെടുന്നത് പതിവാണ്.  ജില്ലാ കളക്ടർക്കും വിവിധ വകുപ്പുകളിലും പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതാണ് ശക്തമായ സമരത്തിലേക്ക് നീങ്ങാനുള്ള നാട്ടുകാരുടെ തീരുമാനം.