കൊച്ചി മെട്രോ റയിൽ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പൊലീസ് സ്റ്റേഷന്‍

കൊച്ചി മെട്രോ റയിലുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് കളമശേരിയില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.  

കൊച്ചി മെട്രോ റയിലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിയമനടപടി സ്വീകരിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ആദ്യത്തെ മെട്രോ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. മെട്രോ ആരംഭിക്കുന്ന ആലുവ മുതല്‍ അടുത്ത ഘട്ടമെത്തുന്ന തൃപ്പൂണിത്തുറ വരെയുള്ള മേഖലകളില്‍ പുതിയ സ്റ്റേഷന് അധികാരമുണ്ടാകും. കളമശേരി മുട്ടത്തുള്ള മെട്രോ റയില്‍ യാര്‍ഡും ഈ പൊലീസ് സ്റ്റേഷനു കീഴില്‍ വരും. സൗത്ത് കളമശ്ശേരിയിൽ കുസാറ്റ് മെട്രോ സ്റ്റേഷനു സമീപമാണ് മെട്രോ പൊലീസ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി സന്ദര്‍ശക റജിസ്റ്ററില്‍ ഒപ്പുവച്ചു. മെട്രോ റയിലിന്റെ പരിധിക്കുള്ളില്‍ നടക്കുന്ന കേസുകള്‍ക്കൊപ്പം പുറത്തെ കേസുകള്‍ കൂടി കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ മെട്രൊ പൊലീസ് സ്റ്റേഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കളമശേരി എംഎല്‍എ വി.കെ.ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെഎംആർഎൽ എം.ഡി. എ.പി.എം മുഹമ്മദ് ഹനീഷ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് മെട്രോ പോലീസ് സ്റ്റേഷന്റെ താക്കോൽ കൈമാറി.