എറണാകുളം മൂവാറ്റുപുഴ പായിപ്രയില്‍ കുടിവെളളക്ഷാമം രൂക്ഷം

എറണാകുളം മൂവാറ്റുപുഴ പായിപ്രയില്‍ കുടിവെളളക്ഷാമം രൂക്ഷം. പായിപ്ര ലക്ഷം വീട് കോളനിയിലെ താമസക്കാരടക്കം  നൂറിലേറെ കുടുംബങ്ങളാണ് ആഴ്ചകളായി കുടിവെളളം കിട്ടാതെ വലയുന്നത്. 

പായിപ്ര പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്‍ഡിലെ താമസക്കാരാണ് രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്നത് . മൂവാറ്റുപുഴയാറില്‍ നിന്ന് പമ്പ് ചെയ്തെത്തുന്ന വെളളം ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് എത്തുന്നത്.  ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവരാണ് വെളളം കിട്ടാതെ വലയുന്നത്. പൈപ്പ് കണക്ഷന്‍ ഉണ്ടെങ്കിലും വെളളമെത്തുന്നത് മാസത്തില്‍ രണ്ടു തവണ മാത്രം . വെളളമെത്തുമ്പോഴാകട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക പൈപ്പുകള്‍ സ്ഥാപിച്ച് വെളളം ചോര്‍ത്തുന്നതായും പരാതിയുണ്ട്.

ആര്‍ഡിഒ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ല. മേഖലയിലെ പഞ്ചായത്ത് കിണര്‍ ശുചീകരിക്കാന്‍ പോലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തയാറാകുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.