പ്രളയാനന്തര പുനർനിർമാണത്തിന് ഊന്നല്‍ നല്‍കി ആലപ്പുഴയുടെ വാര്‍ഷിക ബജറ്റ്

പ്രളയാനന്തര പുനർനിർമാണത്തിന് ഊന്നല്‍ നല്‍കി ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുകോടിയും റോഡുകളുടെ പുനർനിർമാണത്തിന് പതിനേഴുകോടി രൂപയും നീക്കിവച്ചു. പത്തുകോടി രൂപയാണ് വിദ്യാഭ്യാസമേഖലയക്ക് മാറ്റിവച്ചിരിക്കുന്നത്.

നൂറുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളായ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയിലേക്കും തുക നീക്കിവച്ചിട്ടുണ്ട്. ലൈഫ് മിഷന് തുടർഗഡുക്കൾ നൽകുന്നതിന് എട്ടു കോടി നല്‍കും. കുട്ടനാട്ടില്‍ ഉള്‍പ്പടെ നെൽകർഷകർക്ക് സബ്‌സിഡി നൽകാൻ 50 ലക്ഷം രൂപയും, എല്ലാ പുറംബണ്ടിലും തെങ്ങിൻതൈ വയ്ക്കാൻ 50 ലക്ഷവും, കേരഗ്രാമ പദ്ധതിക്ക് 20 ലക്ഷവും, പ്രളയത്തെ അതിജീവിക്കാൻ മോ്‌ട്ടോർ ചിറയും മോട്ടോർ ഷെഡും നിർമിക്കാൻ 2.52 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പ്രളയത്തിലും അല്ലാതെയും തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 17 കോടി 13 ലക്ഷം രൂപയും നീക്കിവച്ചു. വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. പാവപ്പെട്ട പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറികള്‍ നിര്‍മിക്കാന്‍ 50 ലക്ഷം. സ്‌കോളർഷിപ്പിന് 75 ലക്ഷം.. സർക്കാർ സ്‌കൂളുകളില്‍ സോളർ വൈദ്യുതി സ്ഥാപിക്കുന്നതിന് 20 ലക്ഷം, നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ 11 ലക്ഷം എന്നിവയാണ് മറ്റ് പ്രധാന കരുതല്‍. ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമിനി ഒരേനിറവുമാകും. ഇതിനായി ഒരുകോടിയോളം രൂപയാണ് നീക്കിവച്ചത്