ആ മഹാപ്രളയത്തിന് ഇന്ന് ആറു മാസം

ഇടുക്കി  ജില്ലയിൽ നാശം വിതച്ച മഹാപ്രളയത്തിന് ഇന്ന് ആറു മാസം പ്രായം. എന്നാല്‍ ആദ്യഘട്ട പുനര്‍നിര്‍മാണം പോലും ജില്ലയില്‍ പിന്നിട്ടില്ല. അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും അടിസ്ഥാന പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനങ്ങള്‍ വലയുമെന്ന് ഉറപ്പാണ്. 

ചെറുതോണി പാലത്തിന്റെ പരിസരപ്രദേശങ്ങള്‍ ഇപ്പോഴും അപകട ഭീഷണിയിലാണ്, വഴിയോട് ചേര്‍ന്ന് എപ്പോള്‍ വേണമെങ്കിലും മണ്ണിടിയാവുന്ന അവസ്ഥ. ഇപ്പോള്‍ കനത്ത വേനലിൽ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. വരള്‍ച്ചയാണ് നാട്ടുകാര്‍ നേരിടുന്ന പ്രധാന പ്രശ്നം. റോഡ്, പാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവും ആദ്യ ഘട്ടത്തിലാണ്.

ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്ന തടിയമ്പാട് ചപ്പാത്ത് പുനർനിർമിക്കാൻ ഇതുവരെ പദ്ധതിയൊന്നുമില്ല. വീതികുറ‍ഞ്ഞ ചപ്പാത്തിന് സമാന്തരമായി ആധുനിക രീതിയിൽ പുതിയതു നിർമിക്കുമെന്നും, നിലവിലുള്ള ചപ്പാത്തിന്റെ വെന്റുകളുടെ വലുപ്പവും എണ്ണവും കൂട്ടി ജലമൊഴുക്ക് സുഗമമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

സംസ്ഥാന പാതകളും പിഡബ്ല്യുഡി റോഡുകളും ഉൾപ്പെടെ 2880 കിലോമീറ്റർ റോഡ് തകർന്നു.റോഡുകൾക്കു ഫണ്ട് ലഭ്യമാണെങ്കിലും ടെൻ‍‍‍ഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങാൻ വൈകുമെന്ന് പൊതുമരാമത്ത് വകുപ്പ് .

മൂന്നാർ–മറയൂർ റൂട്ടിലെ പെരിയവരൈ പാലം തകർന്നതോടെ ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള യാത്ര ദുരിതത്തിലായി. തകർന്ന പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക പാലത്തിലൂടെ പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. പുതിയ പാലത്തിന് 5 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികളായിട്ടില്ല.

പ്രളയക്കെടുതിയിൽ തകർന്ന് വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ രൂപീകരിച്ച ജിയോ ടാഗ് സംവിധാനം പാളി. പരിശോധനയിൽ അപാകതകൾ കടന്നുകൂടിയതോടെ ഒട്ടേറെ കുടുംബങ്ങൾ ലിസ്റ്റിൽ നിന്നു പുറത്തായതായാണു പരാതി. ഭൂമി നഷ്ടപ്പെട്ടവർക്കു പകരം ഭൂമി കണ്ടെത്തൽ ഇപ്പോഴും കഴിഞ്ഞിട്ടില്ല.