പൈക സാമൂഹികാരോഗ്യ കേന്ദ്രം തകർച്ചയുടെ വക്കിൽ

അരനൂറ്റാണ്ട് മുൻപ് പ്രവർത്തനം ആരംഭിച്ച കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രം തകർച്ചയുടെ വക്കിൽ. ഡോക്ടര്‍മാരുടെ നിസഹകരണം മൂലം രോഗികള്‍ക്ക് പ്രാഥമിക ചികിത്സ പോലും ലഭ്യമാകുന്നില്ല. ആശുപത്രി ശുചിയാക്കാനും ആളില്ലാതായതോടെ കിടത്തി ചികിത്സയും നിര്‍ത്തിവെച്ചു.    

നാല്‍പത് പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യങ്ങളുമായാണ് മൂവാറ്റുപുഴ- പുനലൂർ സംസ്ഥാന പാതയിൽ പൈക സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ വാർഡ്, ലാബ്, ഫാർമസി, ക്വാർട്ടേഴ്സ് എന്നിങ്ങനെ സൗകര്യങള്‍ക്ക് ഒരു പഞ്ഞവുമില്ല. കാലാകാലങ്ങളിലായി വിവിധ വികസന പദ്ധതികളിലൂടെ കെട്ടിടങ്ങളും വാഹനവുമെല്ലാം ആശുപ്രതിക്ക് സ്വന്തമായി. എന്നാല്‍ നിലവില്‍ ഈ സൗകര്യങ്ങളൊന്നും പ്രയോജനപ്പെടുത്താതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. 5 ഡോക്ടർമാരടക്കം 30 ജീവനക്കാർ ആശുപ്രതിയിലുണ്ട്. ഉച്ചയോടെ ഡോക്ടര്‍മാരെല്ലാം മടങ്ങും. മറ്റ് ജീവനക്കാരില്‍ വിരമിക്കാറായവര്‍ അവധിയിലാണ്. ഉച്ചകഴിഞ്ഞെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും ആശുപത്രിയില്‍ ആളില്ല.  

ശുചീകരണ ജോലികള്‍ക്ക് പോലും ജീവനക്കാരെ നിയമിക്കാത്തതാണ് കിടത്തി ചികിത്സ നിർത്തിവയ്ക്കാൻ കാരണമെന്നാണ് ആശുപ്രതി അധികൃതരുടെ വിശദീകരണം. ഓപ്പറേഷൻ തിയറ്റർ മരുന്നുകൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. കേടായ ഉപകരണങ്ങൾ കൂട്ടിയിടാനുള്ള ഇടമായി കുട്ടികളുടെ വാര്‍ഡ് മാറി. ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മീനച്ചിൽ തുടങ്ങി എട്ടിലേറെ പഞ്ചായത്തുകളുടെ ആശ്രയകേന്ദ്രം കൂടിയാണ് പൈക സാമൂഹികാരോഗ്യ കേന്ദ്രം. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.