ഫാം ടൂറിസം പദ്ധതിയില്‍ വണ്ടിപ്പെരിയാർ പച്ചക്കറി തോട്ടവും

സംസ്ഥാനത്തെ ഫാം ടൂറിസം പദ്ധതിയില്‍ വണ്ടിപ്പെരിയാർ പച്ചക്കറി തോട്ടവും ഉള്‍പ്പെടുത്തി . ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ കണക്കിലെടുത്താണ് പുതിയ  പദ്ധതിക്ക് തുടക്കമാകുന്നത്. രണ്ടര കോടി രൂപ മുടക്കിയാണ് നിർമാണം. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കൃഷി മന്ത്രി  നിർവഹിച്ചു. 

വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വിനോദ സഞ്ചാരികൾക്കായി ഫാം ടൂറിസം പദ്ധതി ആരംഭിക്കുന്നത്. രണ്ടര കോടി രൂപ ചിലവിടുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണ ഉദ്ഘാടനമാണ് കൃഷി  മന്ത്രി നിർവഹിച്ചത്. 96 ലക്ഷം രൂപ മുടക്കി വിനോദ സഞ്ചാരികൾക്കായി ടൂറിസം ഹട്ട്,  ആശയവിനിമയ കേന്ദ്രം, വിപണന കേന്ദ്രം എന്നിവ നിർമിച്ചു.  ഇതോടൊപ്പം താമസ സൗകര്യം, കർഷക പരിശീലന കേന്ദ്രം, ട്രക്കിംങ്ങ് വഴി എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു. വിനോദ സഞ്ചാരികൾക്ക് പുറമെ വിദ്യാർഥികൾ, കർഷകർ, പൊതുജനങ്ങൾ എന്നിവർക്ക് ഫാമിലെത്തി പരിശീലനങ്ങൾ നേടാം. പച്ചക്കറി വിത്തുകൾ, തൈകൾ, അലങ്കാര സസ്യങ്ങൾ എന്നിവയും ഇവിടെ നിന്ന് വാങ്ങാം. ടൂറിസത്തിൽ നിന്ന് വരുമാനം കണ്ടെത്തുന്ന രീതിയിൽ ഫാം നിർമാണം പൂർത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച ഫാം ടൂറിസം ഇടമാക്കി വണ്ടിപ്പെരിയാറിലെ സംസ്ഥാന പച്ചക്കറി തോട്ടത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരും ജീവനക്കാരും.