കൃഷിനാശം വരുത്തിയ ചിന്നത്തമ്പിയെ പിടികൂടി

 കഴിഞ്ഞ രണ്ട് ആഴ്ചയായി തമിഴ്നാട് കൃഷ്ണാപുരത്തും സമീപ പ്രദശങ്ങളിലും വ്യാപക കൃഷിനാശം വരുത്തിയ ചിന്നത്തമ്പിയെന്ന ഒറ്റയാനെ പിടികൂടി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് ആനയെ പിടികൂടിയത്. രണ്ടാഴ്ച്ച മുന്‍പ് പിടികൂടി കാട്ടില്‍ വിട്ട ചിന്നത്തമ്പി നൂറ് കിലോമീറ്റര്‍ താണ്ടി വീണ്ടും നവാസമേഖലയിലിറങ്ങുകയായിരുന്നു.

മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കോയമ്പത്തൂര്‍, കണുവായ്, പന്നിമട ഗ്രാമപ്രദേശങ്ങളില്‍ ഇറങ്ങിയ ചിന്നതമ്പിയെ നിരീക്ഷിക്കാന്‍  ജിപിഎസ് ഘടിപ്പിച്ച് പൊള്ളാച്ചിക്ക് സമീപം ടോപ്സ്ലീപ് വനത്തില്‍ വിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വനത്തില്‍ നിന്നും ഇറങ്ങിയ ചിന്നതമ്പി  100 കിലോ മീറ്ററിലധികം സഞ്ചരിച്ച് ഉദുമല്‍പേട്ട മഠത്തുകുളം മേഖലയിലെ കൃഷിത്തോട്ടങ്ങളിലെത്തി. തുടര്‍ന്ന് തമിഴ്നാട് ഉദുമല്‍പേട്ടക്ക് സമീപം കൃഷ്ണാപുരത്തും പരിസര പ്രദേശങ്ങളില്‍ തമ്പടിച്ച് കരിമ്പ്, വാഴ ഉള്‍പടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും നാട്ടുകാരെ  ഭീതിയിലാഴ്ത്തുകയും ചെയ്തു.

തമിഴ്നാട് കണ്ണാടി പുതുരില്‍ തമ്പടച്ച ചിന്നത്തമ്പിയെന്ന ഒറ്റയാനെ   തളയ്ക്കാന്‍  കലീം, സുയംഭു എന്നീ താപ്പാനകളെയും എത്തിച്ചിരുന്നു. വാഴാത്തോട്ടത്തിനുള്ളില്‍ പുതുതായി മണ്ണ് പാതയൊരുക്കിയശേഷമാണ് നാല് തവണ മയക്ക് വെടിവെച്ച് വീഴ്ത്തിയത്. തുടര്‍ന്ന് താപ്പാനകളെ ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ചിന്നത്തമ്പിയെ കാടുകയറ്റിയത്.

വനംവകുപ്പ് ചിന്നതമ്പിയെ പിടികൂടി കുങ്കി ആനയായി മാറ്റുന്നത് അനുവധിക്കരുതെന്നും പിടികൂടുമ്പോള്‍ ദേഹോപദ്രവം ചെയ്യരുതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് പരിഗണിച്ച മദ്രാസ് ഹൈകോടതി വനംവകുപ്പിന്  പിടികൂടാമെന്ന് ഉത്തരവിട്ടു. തുടര്‍ന്നാണ്  വനംവകുപ്പ് പിടികൂടി വീണ്ടും ടോപ്സ്ലിപ് വനത്തിലെത്തിച്ചത്.