അന്തിയുറങ്ങാന്‍ വീടില്ല; ദുരിതജീവിതം നയിച്ച് റിട്ട.അധ്യാപകൻ

അന്തിയുറങ്ങാന്‍ ഒരു വീടിനായി സര്‍ക്കാര്‍ ഒാഫീസുകള്‍ കയറി ഇറങ്ങി  അടിമാലിയില്‍ ഒരു റിട്ടയേഡ് അധ്യാപകന്‍. മഹാപ്രളയത്തില്‍ തകര്‍ന്ന വീടിന് സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചില്ലെന്നാണ് പരാതി.  

26 വര്‍ഷത്തോളം ഹൈറേഞ്ചിലെ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  ഈ അധ്യാപകന്‍ പഠിപ്പിച്ചു. ഒടുവില്‍  തനിക്കും ഭാര്യയ്ക്കും തലചായ്ക്കാനൊരു കിടപ്പാടമില്ലാതെ വരുമെന്ന് 60 ശതമാനം അംഗപരിമിതന്‍ കൂടിയായ ഈ അധ്യാപകന്‍  കരുതിയിരുന്നില്ല. കഴിഞ്ഞ ഒാഗസ്റ്റ് മാസത്തിലുണ്ടായ ഉരുള്‍രപൊട്ടലില്‍  കെ ജെ കുര്യന്റെ വീട് കവര്‍ന്നു. വെള്ളത്തൂവല്‍ എസ് വളവിലുണ്ടായിരുന്ന 60 സെന്റ് ഭൂമിയും ഗൃഹോപകരണങ്ങളും  വളര്‍ത്തുമൃഗങ്ങളുമെല്ലാം മലവെള്ളം കൊണ്ടു പോയി ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും കയറികിടക്കാന്‍ ഒരു വീടില്ല.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടിനുള്ളില്‍ അകപ്പെട്ട കുര്യന്റെ നട്ടെല്ലിന് പൊട്ടലുണ്ടാകുകയും ഇടുപ്പ് അസ്ഥി തകരുകയും ചെയ്തു.  ചികില്‍സക്കായി മൂന്നു ലക്ഷത്തോളം രൂപ ചിലവായെങ്കിലും സര്‍ക്കാര്‍ സഹായമായി ലഭിച്ചത് 60000 രൂപ മാത്രം. വീടിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഒാഫീസുകള്‍ കയറിയിറങ്ങി മടുത്ത കെ.ജെ കുര്യന്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാത്ത ജില്ലയിലെ നിരവദിയാളുകളില്‍ ഒരാള്‍ മാത്രം.