തൃത്താലയില്‍ അനധികൃത കുന്നിടിക്കലും മണ്ണു കടത്തലും വ്യാപകം

പാലക്കാട് തൃത്താല മേഖലയില്‍ അനധികൃത കുന്നിടിക്കലും മണ്ണു കടത്തലും വ്യാപകമാകുന്നു. ഒറ്റപ്പെട്ട പൊലീസ് പരിശോധന നടക്കുന്നുണ്ടെങ്കിലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല.

കഴി‍ഞ്ഞ ദിവസം തൃത്താല പൊലീസ് പിടികൂടിയ വാഹനങ്ങളാണിത്. അനധികൃതമായി മണ്ണുമായി പോവുകയായിരുന്ന അഞ്ചു ലോറികളും ഒരു മണ്ണുമാന്തിയന്ത്രമാണ് പൊലീസ് പിടികൂടിയത്. 25000 രൂപ പിഴയടച്ചാല്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കും. എന്നാലിവിടെ എത്ര പിഴയടച്ചാലും മണ്ണെടുപ്പിന് ശമനിമുണ്ടുകുന്നില്ല. തൃത്താല, പറക്കുളം, ആനക്കര, കപ്പൂർ ഭാഗങ്ങളിലാണ് അനധികൃത മണ്ണെടുപ്പിലൂടെ കുന്നുകൾ ഇല്ലാതാകുന്നത്. മലപ്പുറം ജില്ലയിലേക്ക് വരെ പാടങ്ങള്‍ നികത്താന്‍ മണ്ണ് കടത്തുന്നു. പരിസ്ഥിതിക്ക് ദോഷകരമാകുംവിധമാണ് മിക്കയിടത്തും മണ്ണെടുപ്പ്. നിയമസഭയില്‍ വരെ തൃത്താലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.

ചിലയിടങ്ങളില്‍ ജിയോളജി വിഭാഗം അനുമതി നല്‍കിയതിന്റെ മറവിലും ക്രമക്കേടുണ്ട്. ഇരട്ടി മണ്ണാണ് ലോറികളില്‍ കടത്തുന്നത്. റവന്യൂ, ജിയോളജി, പൊലീസ് വിഭാഗങ്ങളുടെ പരിശോധനയില്ലാത്തതാണ് മണ്ണ് മാഫിയയ്ക്ക് സഹായകമാകുന്നത്.