ദുരിത യാത്രയില്‍ നടുവൊടിഞ്ഞ് മാങ്കുളം ജനത; വഴിമുട്ടി വിനോദസഞ്ചാരവും

ദുരിത യാത്രയില്‍ നടുവൊടിഞ്ഞ് മാങ്കുളം ജനത.  കല്ലാര്‍ മാങ്കുളം റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാത്തതാണ് വാഹനയാത്രികരെ വലയ്ക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ  പ്രദേശത്തെ വിനോദസഞ്ചാര മേഖലയും വഴിമുട്ടിയിരിക്കുകയാണ്. 

വേനല്‍ക്കാലമാരംഭിച്ച് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കല്ലാര്‍ മാങ്കുളം റോഡ്  നവീകരിക്കാനുള്ള  നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാങ്കുളംകാര്‍ മൂന്നാറിലെ പൊതുമരാമത്ത്  കാര്യാലയം ഉപരോധിച്ചെങ്കിലും,  നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. 

നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഒരുമാസം മുമ്പ് കുരിശുപാറ മുതല്‍ വിരിപാറവരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ശേഷിക്കുന്ന ഭാഗത്തെ യാത്ര അതീവ ദുര്‍ഘടമായി തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം പണിപൂര്‍ത്തിയായ   കുരിശുപാറമുതല്‍ കല്ലാര്‍വരെയുള്ള ഭാഗവും തകര്‍ന്ന് കിടക്കുകയാണ്. വിരിപാറ മുതല്‍ മാങ്കുളം വരെ ടാറിംഗിനായി 15ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക പര്യാപ്തമല്ലെന്ന കാരണത്താല്‍ ടെന്‍ഡര്‍നടപടി പൂര്‍ത്തികരിച്ചിട്ടില്ല.  റോഡുകളുടെ ശോചനീയാവസ്ഥമൂലം വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മാങ്കുളം ആനക്കുളം മേഖലകളിലേക്കും വിരലിലെണ്ണാവുന്ന സഞ്ചാരികളാണെത്തുന്നത്. വഴിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരമാകും.