മൂവായിരത്തിയഞ്ഞൂറോളം ജീവികളുടെ പ്രത്യേകതകൾ കാണാം; തേവര കോളജിൽ എക്സപോ

പരിസ്ഥിതിയെയും ജീവജാല വൈവിധ്യത്തെയും പരിചയപ്പെടുത്തി തേവര സേക്രട്ട് ഹാര്‍ട് കോളജിലെ ഹാര്‍ട്ടിയന്‍ എഡ്യു എക്സ്പോ. കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ശാസ്ത്ര പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പുറത്തെ തടിയ്ക്കുളളില്‍ ആനയുടെ രൂപം, തിമിംഗലത്തിന്‍റെ ശരീര ഘടന. ഇരവിഴുങ്ങുമ്പോള്‍ പെരുമ്പാമ്പിന്‍റെ ശരീര ചലനങ്ങള്‍ ദാ ഇങ്ങനെയായിരിക്കും.

ഇങ്ങനെ മൂവായിരത്തിയഞ്ഞൂറോളം ജീവികളുടെ പ്രത്യേകതകളിലേക്കാണ് പ്രദര്‍ശനം വെളിച്ചം വീശുന്നത്. ചിലന്തികളുടെ മാത്രം അഞ്ഞൂറിലേറെ വൈവിധ്യങ്ങളുണ്ട് പ്രദര്‍ശനത്തില്‍. നിത്യഹരിത വനത്തിന്‍റെ മാതൃകയാണ് മറ്റൊരു സവിശേഷത.

രാജ്യാന്തര പ്രശസ്തരായ പക്ഷി നിരീക്ഷകരും ,ശാസ്ത്രജ്ഞരുമെടുത്ത പക്ഷികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിന്‍റെ ആകര്‍ഷണമാണ്. കേരളത്തിന്‍റെ പ്രളയ രക്ഷാ പ്രവര്‍ത്തനം വിശദീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും പ്രദര്‍ശനത്തിന്‍റെ പ്രത്യേകതയാണ്. 

ചരിത്രത്തെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമെല്ലാം അറിവു പകരുന്ന നാണയങ്ങളും,രചനകളുമെല്ലാം പ്രദര്‍ശനത്തിന്‍റെ ഭാഗമായി. സ്കൂള്‍ വിദ്യാര്‍ഥികളുടെയടക്കം മികച്ച പങ്കാളിത്തവും പ്രദര്‍ശനത്തെ സജീവമാക്കി.