മിനി സിവില്‍ സ്റ്റേഷനില്‍ കടുത്ത ശുദ്ധജലക്ഷാമം

കോട്ടയം പൊൻകുന്നം മിനി സിവില്‍ സ്റ്റേഷനില്‍ ഒരുമാസത്തിലേറെയായി തുടരുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നടപടിയില്ല. സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് ഓഫിസിലേക്ക് ചുമന്ന് എത്തിക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. കേടായ മോട്ടോര്‍ നന്നാക്കാന്‍  നടപടിയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.  

നികുതി ഓഫിസിലെ താത്കാലിക ജീവനക്കാരി ചെല്ലമ്മ വെള്ളം ചുമക്കാന്‍ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ടു. ഓഫിസ് പുതിയ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റിയതോടെ കഷ്ടപ്പാടിന് അറുതിയായെന്ന് കരുതി. പക്ഷെ കിട്ടിയത് എട്ടിന്‍റെ പണി. സിവില്‍സ്റ്റേഷനിലെ കുഴല്‍കിണറിലെ മോട്ടോര്‍ പണിമുടക്കി. ഇതോടെ സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് നടകള്‍ കയറേണ്ട ഗതികേടായി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഓഫിസുകളിലെ ജീവനക്കാരുടെയും അവസ്ഥ ഇതു തന്നെ. കൈ കഴുകാനടക്കം ജീവനക്കാർ പലരും കുപ്പിയിൽ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്. ശുചി മുറികൾ വൃത്തിഹീനമായി മാറിയതോടെ ദുര്‍ഗന്ധവും നിറഞ്ഞു. ഇതോടെ ഇവയിൽ പലതും താഴിട്ട് പൂട്ടി. ലിഫ്റ്റ് പ്രവർത്തിക്കാത്തതുമൂലം വെള്ളം നടകൾ വഴി ചുമന്ന് കേറ്റണം.

രാത്രിയില്‍ ഓഫിസില്‍ തങ്ങേണ്ടി വരുന്ന എക്സൈസ് ജീവനക്കാര്‍ക്കാണ് കഷ്ട്പ്പാടേറെയും.  തകരാറിലായ മോട്ടോറിന്‍റെ അറ്റകുറ്റപണിക്കായി അധികൃതര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഒന്നേകാൽ ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി നിറഞ്ഞ് കിടക്കുമ്പോഴാണ് വെള്ളത്തിനായുള്ള ജീവനക്കാരുടെ നെട്ടോട്ടം. സംഭരണിയില്‍ നിന്ന് വെള്ളമെടുക്കാന്‍ മോട്ടോര്‍ സ്ഥാപിക്കാനും നടപടിയില്ല.