ആലുവ ജില്ലാ ആശുപത്രിയിൽ വയോജന പരിപാലനകേന്ദ്രം

ആലുവ ജില്ലാ ആശുപത്രിയോടുചേര്‍ന്ന് വയോജന പരിപാലനകേന്ദ്രത്തിന് തറക്കല്ലിട്ടു. മുതിർന്ന പൗരൻമാർക്ക് മാനസികവും ആരോഗ്യപരവുമായ സംരക്ഷണം നൽകുകയാണ് ലക്ഷ്യം. 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് 6 കോടി രൂപ മുടക്കി 6 നിലകളുള്ള വയോജന പരിപാലനകേന്ദ്രം നിര്‍മിക്കുന്നത്. കേന്ദ്രത്തിന്റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും. വയോജനങ്ങൾക്ക് താമസസൗകര്യം, പരിശീലന പരിപാടികൾ, വിനോദോപാധികൾ തുടങ്ങിയവ കെട്ടിടത്തിലൊരുക്കും. വിവിധ ക്ലാസുകൾ, സാഹിത്യ സംവാദങ്ങൾ, വയോജന രംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള പരിശീലനം തുടങ്ങിയവയും ഇവിടെ ഒരുക്കും. സിനിമാതാരം നിവിൻ പോളിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. 

ആധുനിക ശൈലിയില്‍ വയോജന സംരക്ഷണം എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന കേന്ദ്രമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ആലുവ എംഎൽഎ അൻവർ സാദത്ത്, ജി.സി.ഡി.എ. ചെയർമാൻ വി.സലിം തുടങ്ങിയവർ പങ്കെടുത്തു.