ലിഫ്റ്റുകൾ ഓഫ് ചെയ്തു; താമസക്കാരോട് ഫ്ലാറ്റ് നിർമാതാക്കളുടെ ക്രൂരത

കാക്കനാട്ട് പത്തൊന്‍പത് നിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റുകള്‍ ഓഫ് ചെയ്ത് താമസക്കാരോട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ ക്രൂരത. ഉയര്‍ന്ന മെയിന്റനന്‍സ് ഫീസ് ആവശ്യപ്പെട്ടാണ് നടപടി. വൈദ്യുതിയും ജലവിതരണവും നിര്‍ത്തുമെന്നാണ് ഫ്ലാറ്റ് നിര്‍മാതാക്കളുടെ അടുത്ത ഭീഷണി.

ചെന്നൈ ആസ്ഥാനമായ ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഉയര്‍ന്ന മെയിന്റനന്‍സ് ഫീസ് ആവശ്യപ്പെട്ട് താമസക്കാരെ ദ്രോഹിക്കുന്നത്. രണ്ടായിരത്തിയെട്ടിലാണ് അരക്കോടിയോളം രൂപ നല്‍കി നൂറിലേറപ്പേര്‍ ഫ്ലാറ്റ് വാങ്ങിയത്. പത്തുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയവര്‍ക്ക് ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയില്ല. ഹൗസിങ് ലോണിന്റെ തിരിച്ചടവ് തുകയും, താമസിക്കുന്ന വീടിന്റെ വാടകയും താങ്ങാനാകാതെ വന്നതോടെയാണ് പണം മുടക്കിയവര്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത ഫ്ലാറ്റിലേക്ക് താമസം മാറിയത്. ഔദ്യോഗിക വൈദ്യുതി കണക്ഷനോ, വാട്ടര്‍ കണക്ഷനോ ഇവിടെ ഇല്ല. ഇന്റീരിയര്‍ സ്വന്തം നിലയ്ക്ക് ചെയ്ത് താമസം തുടങ്ങിയവരോടാണ് ഫ്ലാറ്റ് നിര്‍മാതാക്കളുടെ ക്രൂരത. 

പത്തൊന്‍പത് നിലയുള്ള ഫ്ലാറ്റിലെ ലിഫ്റ്റുകള്‍ ഓഫ് ചെയ്തതോടെ വിദ്യാര്‍ഥികളും പ്രായമായവരും വലഞ്ഞു. ഫ്ലാറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാല്‍ ആ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് പോലും എടുക്കാന്‍ കഴിയാതെ വലയുകയാണ് താമസക്കാര്‍. സിവില്‍ വിഷയമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെ, സഹായത്തിനായി ആരെ സമീപിക്കണമെന്നറിയാതെ വലയുകയാണ് ഈ കുടുംബങ്ങള്‍