ഹര്‍ത്താലിലും പണിമുടക്കിലും വലഞ്ഞ് ടൂറിസം മേഖല

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിലും പണിമുടക്കിലും വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്ക് ചില രാജ്യങ്ങള്‍ നല്‍കിയ ജാഗ്രതാ നിർദ്ദേശവും മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. 

വഞ്ചിവീടുകളാണ് ആലപ്പുഴയിലെ പ്രധാന വിനോദമേഖല. സെപ്റ്റംബറിൽ തുടങ്ങി മാർച്ച് വരെ നീളുന്ന ഏഴുമാസമാണ് ഇവിടുത്തെ ടൂറിസം സീസൺ. ഇതില്‍ത്തന്നെ ഡിസംബർ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് ഈ മേഖലയെ പിടിച്ചുനിർത്തുന്നത്. മഹാപ്രളയത്തിൽ തളര്‍ന്നുപോയ ടൂറിസംമേഖലയെ മാസങ്ങള്‍ പിന്നിട്ടാണ് അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയത്. ഈ സാഹചര്യത്തിലാണ് പൊടുന്നനെ എത്തുന്ന ഹര്‍ത്താലും പൊതുപണിമുടക്കും വില്ലനായത്. 

സംസ്ഥാനത്ത് എത്തുന്ന എഴുപത് ശതമാനം വിദേശസഞ്ചാരികളും ആലപ്പുഴ കാണാനെത്തുന്നു എന്നാണ് കണക്ക്. അറുപതിനായിരം മുതൽ എൺപതിനായിരം വരെ വിദേശികളാണ് പ്രതിവര്‍ഷം സഞ്ചാരികളായി എത്തുന്നത്. കേരളത്തില്‍ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് രണ്ടുവിദേശ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയത് വരവില്‍ കുറവുണ്ടാക്കുമെന്നാണ് ആശങ്ക.