മൂവാറ്റുപുഴയാറിലേക്ക് മാലിന്യം തള്ളി എച്ച്എന്‍എലിന്‍റെ ജനദ്രോഹ നടപടി

വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറിലേക്ക് മാലിന്യം തള്ളി പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എലിന്‍റെ ജനദ്രോഹ നടപടി. കേന്ദ്ര പരിസ്ഥിതി മലീനികരണ നിയന്ത്രണ ബോർഡ് പ്രവർത്തനം തടഞ്ഞശേഷവും പുഴയിലേക്ക് മാലിന്യം തള്ളുന്നത് തുടരുകയാണ്. നാല് പഞ്ചായത്തുകളിലൂടെ മുവാറ്റുപുഴയാര്‍  കറുത്തൊഴുകയാണ്.

പൈപ്പ് ലൈൻ വഴി ശുചീകരിച്ച കമ്പനി മാലിന്യം നിശ്ചിത അളവിൽ മൂവാറ്റുപുഴയാറിൽ ഒഴുക്കാന്‍ എച്ച്എന്‍എലിന് അനുമതിയുണ്ട്. ഇതിന്‍റെ മറവിലാണ് ആയിരകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായ മുവാറ്റുപുഴയാറിലേക്ക് കമ്പനി മാലിന്യം നിയന്ത്രണമില്ലാതെ തള്ളുന്നത്. വെള്ളൂർ പുതിയ വഴിക്ക് സമീപമുള്ള പാടത്ത് കൂടെയാണ് മാലിന്യം പുഴയിലേക്കെത്തുക. മാലിന്യത്തിന്‍റെ തീവ്രതമൂലം പ്രദേശത്തെ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി. വെള്ളൂർ, തലയോലപറമ്പ് ,മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയിലെ വെള്ളത്തിന്‍റെ നിറം കറുപ്പായി. ഈ വെള്ളം ഉപയോഗിക്കുന്ന നാട്ടുകാര്‍ക്ക് ത്വക്ക് രോഗവും ശ്വാസകോശ രോഗങ്ങളും പടരുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പും സമാനമായ സ്ഥിതി നിലനിന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മലീനികരണ നിയന്ത്രണ ബോർഡ് പ്രശ്നത്തില്‍ ഇടപ്പെട്ടു. മാലിന്യ ശുചീകരണ പ്ലാന്‍റ്  പ്രവർത്തനക്ഷമമാക്കി മാത്രമെ കമ്പനി പ്രവർത്തനം തുടങ്ങാവൂ എന്ന് നിര്‍ദേശിച്ചു. ഇത് മറികടന്നാണ് കമ്പനി വന്‍ തോതില്‍ മാലിന്യം പുറംതള്ളുന്നത്.

പഞ്ചായത്തിന്‍റെ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ച് എച്ച്എന്‍എല്‍ കമ്പനിയുടെ ധിക്കാരപരമായ നടപടി തുടരുകയാണ്.