പ്രളയക്കെടുതി ഫണ്ട്; തൃശൂരില്‍ കലാകാരന്‍മാരുടെ സംഗമത്തിന് തുടക്കമായി

പ്രളയക്കെടുതിക്കിരയായവരെ സഹായിക്കാന്‍ ഫണ്ടു സ്വരൂപിക്കാനായി തൃശൂരില്‍ കലാകാരന്‍മാരുടെ സംഗമത്തിന് തുടക്കമായി. സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിരുന്നായിരുന്നു ആദ്യദിനത്തിലെ ആകര്‍ഷണം. 

പെരുവനം കുട്ടന്‍മാരാരും പെരുവനം സതീശന്‍ മാരാരും ഒരുക്കിയ പഞ്ചാരിമേളത്തോടെയായിരുന്നു കലാവിരുന്നിന് തുടക്കമായത്. തേക്കിന്‍ക്കാട് മൈതാനമായിരുന്നു വേദി. നവേകരള സൃഷ്ടിക്ക് വീണ്ടെടുപ്പ് എന്ന പേരില്‍ ജില്ലാഭരണകൂടം  മുന്‍കയ്യെടുത്താണ് നാലുദിവസത്തേയ്ക്കു കലാസംഗമം. അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിനെ സ്്മരണ പുതുക്കി വയലിന്‍ കച്ചേരിയും അരങ്ങേറി.

സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് ആസ്വാദകരുടെ ഹൃദയങ്ങള്‍ കീഴടക്കി.

നാടകഗാനാവതരണത്തോടെയാണ് ആദ്യദിന കലാവിരുന്നതിന് കൊടിയിറങ്ങിയത്. എല്ലാ കലാകാരന്‍മാരും സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചത്. സ്റ്റേജ് ഉള്‍പ്പെടെ സ്പോണ്‍സര്‍ ചെയ്തത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമകളുടെ അസോസിയേഷനാണ്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.