എറണാകുളം ഒാള്‍ഡ് റയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കായി ടെര്‍മിനല്‍ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടേക്കുള്ള ട്രാക്കുകള്‍ പുതുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കൊച്ചിയിലെ സബര്‍ബന്‍  സ്റ്റേഷനുകളെ ബന്ധിപ്പിച്ച  ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഫലപ്രദമാകുമോ എന്നും റയില്‍വേ പരിശോധിക്കുന്നുണ്ട്.

കൊച്ചിയുടെ മുഖമുദ്രയായിരുന്നു  ഒരുകാലത്ത് ഈ റയില്‍വേ സ്റ്റേഷനില്‍ സൗത്തിലും നോര്‍ത്തിലും റയില്‍വേ സ്റ്റേഷനുകള്‍ വികസിച്ചതോടെ  ഗുഡ്സ്റ്റേഷനായി പിന്നീട് റയില്‍വേ ഗോഡൗണായും പരിണമിച്ച ഹൈക്കോടതി ജംഗ്ഷനിലെ റയില്‍വേ സ്റ്റേഷന്‍ പഴയപ്രതാപത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒരു ഹബ്ബായി ഈ സ്റ്റേഷന്‍ വികസിപ്പിക്കാനണ് പരിപാടി . കാട് വെട്ടിത്തെളിച്ച് ട്രാക്കുകളില്‍ അടിഞ്ഞകൂടിയ മണ്ണ് നീക്കി ലൈന്‍ തെളിക്കുന്ന ജോലികളാണ് പൂര്‍ത്തിയതായിട്ടുള്ളത് . പച്ചാളം മുതല്‍ ഇവിടെവരെയുള്ള ട്രാക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.  

ആറുപ്ലാറ്റ് ഫോമുകളും  ബഹുനില വ്യാപാരസമുച്ചയവുമടക്കം 300 കോടിയുടെ വികസന പദ്ധതിക്കാണ് റയില്‍വേ ആദ്യം പദ്ധതിയിട്ടത്. മംഗളവനത്തോട് ചേര്‍ന്ന്   പരിസ്ഥിതിതികമായി ഏറെ  സവിശേഷതകളുള്ള  പഴയ റയില്‍വേ സ്റ്റഷനില്‍ ഇതൊന്നും അത്ര എളുപ്പമല്ലെന്ന് മനസിലാക്കിയാണ് പാസഞ്ചര്‍ ട്രെയിനകുള്‍ക്കായി സ്റ്റേഷന്‍ നവീകരിക്കാന്‍ തീരുമാനമടുത്തിട്ടുള്ളത്. പൗരാണിക പ്രാധാന്യം നിലനിര്‍ത്തി  രണ്ടുപ്ലാറ്റ് ഫോമുകളുള്ള  ചെറിയൊരു സ്റ്റേഷനാകും ഇവിടെ ഒരുങ്ങുക. ഒാള്‍ഡ് റയില്‍വേ സ്റ്റേഷന്‍ വികസന സമിതയുടെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സമരത്തിനൊടുവിലാണ് റയില്‍വേ സ്റ്റേഷന്‍ നവീകരണം യാഥാര്‍ഥ്യമാകുന്നത്.