ചെളി ഉയർന്നു; ആലുവയിൽ ശുദ്ധജല പമ്പിങ് നിർത്തിവച്ചു, കുടിവെള്ളം മുട്ടി

പെരിയാറിൽ ചെളിയുടെ തോത് ക്രമാതീതമായി വർധിച്ചതോടെ ആലുവ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് നിർത്തിവച്ചു. പുലർച്ചെ മൂന്നുമണി യോടെയാണ് വിശാല കൊച്ചി മേഖലയിലേക്കടക്കമുള്ള മുഴുവൻ പമ്പിങ്ങും അനിശ്ചിതമായി നിർത്തിയത്.

പെരിയാറിലെ ചെളിയുടെ തോത് 276 എൻ.ടി.യു ആയി വർദിച്ചതോടെയാണ് ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ്ങ് നിർത്തിയത്. പുഴയിലെ ജലനിരപ്പ് കുറവായതിനാലും ഒഴുക്കില്ലാത്തതിനാലും കുടിവെള്ള വിതരണം എപ്പാൾ പുനരാരംഭിക്കുമെന്ന് പറയാറായിട്ടില്ല. പ്രളയ ദിനങ്ങളിൽ ചെളിയുടെ തോത് കൂടുതലായിരുന്നുവെങ്കിലും ഇത്ര ഗുരുതരമായ സാഹചര്യമായിരുന്നില്ല. 

യാതൊരു മുന്നറിയിപ്പും നൽകാതെ പമ്പിങ്ങ് നിർത്തിവെക്കേണ്ടി വന്നതിനാൽ ആലുവ വെള്ളത്തെ ആശ്രയിക്കുന്ന ലക്ഷകണക്കിന് ജനങ്ങൾ ദുരിതത്തിലാകും. നിലവിലെ സ്ഥിതിയിൽ വെള്ളം പമ്പ് ചെയ്യാനാരംഭിച്ചാൽ ജല ശുദ്ധീകരണ ശാലയിലെ വാട്ടർ ബെഡുകളും തകരാറിലാകും.ഇത് പ്രശ്നം ഗുരുതരമാക്കും. പ്രശ്നപരിഹാരത്തിനായി ഇടമലയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടണമെന്നാണ് ആവശ്യമുയരുന്നത്.