തിരുവില്വാമല പുനർജനി നൂഴലിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ചരിത്ര പ്രസിദ്ധമായ തൃശൂര്‍ തിരുവില്വാമല പുനർജനി നൂഴലിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് പുനര്‍ജനി നൂഴല്‍.  പുനര്‍ജനി നൂഴല്‍ കഴിഞ്ഞാല്‍ പാപമോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ സമീപത്താണ് വില്വാമല. ഇവിടെയുള്ള നൂറു മീറ്റര്‍ ദൂരം വലിയ ഗുഹയാണ്. പ്രകൃതിദത്തമായ തുരംഗത്തിലൂടെ വിശ്വാസികള്‍ പ്രവേശിക്കും. കിടന്നു ഇഴഞ്ഞു മാത്രമേ ഗുഹയിലൂടെ പോകാന്‍ കഴിയൂ. ആയിരകണക്കിന് ഭക്തരാണ് പുനര്‍ജനി നൂഴാന്‍ എത്തുക. 

പുലര്‍ച്ചെ നാലിന് ക്ഷേത്രത്തില്‍ നിന്ന് മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ഗുഹയിലേക്ക് നാമജപ യാത്ര തുടങ്ങും. പ്രത്യേക പൂജയ്ക്കു ശേഷം പുനര്‍ജനി നൂഴല്‍ ആരംഭിക്കും. എല്ലാ വര്‍ഷവും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഇക്കുറിയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.