പുലിപ്പേടിയിൽ ഇൗ ഗ്രാമം; സ്ഥിരീകരിച്ച് വനംവകുപ്പ്; ഭീതി

പുലിപ്പേടിയില്‍ കോട്ടയം കണമല പാറക്കടവ് വാസികള്‍. നിര്‍മാണത്തിലിരിക്കുന്ന വീട്ടു മുറ്റത്ത് കാണപ്പെട്ട കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. 

കണമലയ്ക്കും ഇടകടത്തിക്കും മധ്യേ ഉള്ള പാറക്കടവില്‍ മങ്കൊമ്പില്‍ അച്ചന്‍കുഞ്ഞിന്റെ വീട്ടുമുറ്റത്താണ് കാല്‍പ്പാടുകള്‍. ഇന്നലെ രാവിലെയാണ് സംഭവം. തലേദിവസം രാത്രിയില്‍ മഴ പെയ്തു നനഞ്ഞു കുതിര്‍ന്നതിനാല്‍ മുറ്റത്തെ മണ്ണില്‍ വ്യക്തമായി കാല്‍പ്പാടുകള്‍ കാണാം.ഏതാനും ദിവസം മുമ്പ് ഇതേ നിലയില്‍ കാല്‍പ്പാടുകള്‍ കണ്ടെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല. ഇന്നലെ വീണ്ടും ഇതേ കാഴ്ച ആവര്‍ത്തിച്ചതോടെയാണ് വനപാലകരെ അറിയിച്ചത്. കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘമാണ് പരിശോധന നടത്തി സ്ഥിരീകരണം നല്‍കിയത്.വനം വകുപ്പിലെ വിദഗ്ധര്‍ അടുത്ത ദിവസം സ്ഥലത്തെത്താമെന്ന് അറിയിച്ചിട്ടുണ്ട്. കാല്‍പ്പാടുകളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി വനപാലക സംഘം ഇവര്‍ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. പാക്കാന്‍ എന്ന വന്യജീവിയുടേതാകും കാല്‍പ്പാടുകളെന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍.

എന്നാല്‍ പുലിയുടേത് ആണെന്ന് വനപാലകര്‍ അറിയിച്ചതോടെ പ്രദേശത്ത് കടുത്ത ഭീതി നിറഞ്ഞിരിക്കുകയാണ്. അച്ചന്‍കുഞ്ഞിന്റെ മകനും കുടുംബത്തിനും താമസിക്കാനായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്താണ് കാല്‍പ്പാടുകള്‍ കാണപ്പെട്ടത്. പാമ്പനാര്‍ സ്വദേശികളായ തൊഴിലാളികള്‍ ഇവിടെ താമസിച്ചാണ് പണികള്‍ നടത്തുന്നത്. ഇവരാണ് കാല്‍പ്പാടുകള്‍ ആദ്യം കണ്ടത്. സമീപത്താണ് പമ്പയാറും അറയാഞ്ഞിലിമണ്ണ് ശബരിമല വനപ്രദേശങ്ങളും. വനത്തില്‍നിന്നു നദി കടന്നാണ് പുലി എത്തിയതെന്ന് കരുതുന്നു. വിദഗ്ധ പരിശോധനയ്ക്കായി കാല്‍പ്പാടുകള്‍ മായാതെ സൂക്ഷിച്ചിരിക്കുകയാണ്.