ചാലക്കുടിപ്പുഴയിൽ ഒാരുവെള്ളം; കുടിവെള്ളക്ഷാമം രൂക്ഷം; അനാസ്ഥ

ചാലക്കുടിപ്പുഴയിലേക്ക് ഒാരുവെള്ളം കയറിയതിനെത്തുടര്‍ന്ന് ജല അതോറിറ്റി പമ്പിങ് നിര്‍ത്തിയതോടെ വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രളയത്തില്‍ തകര്‍ന്ന കണക്കന്‍കടവ്് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ നന്നാക്കാത്തതാണ് ചാലക്കുടിപ്പുഴയിലേക്ക് ഒാരുവെള്ളം കയറാനിടയാക്കിയത്. 

കൊടുങ്ങല്ലൂര്‍ കായലില്‍നിന്ന് ഒാരുവെള്ളം ചാലക്കുടിപ്പുഴയിലേക്ക് കയറാതിരിക്കുന്നതിനായി കണക്കന്‍കടവില്‍ നിര്‍മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞ പ്രളയത്തിലാണ് തകര്‍ന്നത്. തുരുമ്പുകയറിയ ഷട്ടറുകള്‍ പ്രളയകാലത്ത് തുറക്കാന്‍ കഴിയാത്തതിനുപിന്നാലെ ഇവ തകരുകയായിരുന്നു. തകര്‍ന്ന ഷട്ടറുകള്‍ നന്നാക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പതിവുവിട്ട് നേരത്തെയെത്തിയ ഒാരുവെള്ളം അങ്ങനെയാണ് തടഞ്ഞുനിര്‍ത്താന്‍ കഴിയാതെപോയതും. കുടിവെള്ളത്തിന് പ്രതിസന്ധിയുണ്ടാകുമെന്ന് നേരത്തെതന്നെ നാട്ടുകാര്‍ ജലസേചനവകുപ്പിന്റെയും പഞ്ചായത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണെങ്കിലും അതൊന്നും അധികൃതര്‍ മുഖവിലയ്ക്കെടുത്തില്ല.

കഴിഞ്ഞ ഒരാഴ്ചയായി ചാലക്കുടി പുഴയില്‍ ലവണാംശം ഏറിയതോടെയാണ് ജല അതോറിറ്റി പമ്പിങ് നിര്‍ത്തിവച്ചത്. പമ്പിങ് പുനരാരംഭിക്കാന്‍ ഉടനാകുമെന്ന് അധികൃതര്‍ക്കുതന്നെ ഉറപ്പില്ലാതായതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ നട്ടംതിരിയുന്നത്.