കനാൽ നിർമാണം ആരംഭിച്ചു; അങ്കമാലി നഗരസഭയിലേക്ക് കൂടുതൽ വെള്ളമെത്തും

ഇടമലയാര്‍ ജലസേചന പദ്ധതിയില്‍ നിന്ന് അങ്കമാലി നഗരസഭയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായുള്ള കനാലിന്റെ നിര്‍മാണം ആരംഭിച്ചു.  എംസി റോഡില്‍ ഗതാഗതം തടസപ്പെടുത്താതെ മണ്ണിനിടിയിലൂടെ തുരങ്കമായാണ് നിര്‍മാണം  .  

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഇടമലയാര്‍ പദ്ധതിയില്‍ നിന്ന് അങ്കമാലി നഗരസഭാപ്രദേശത്തേക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് വെള്ളമെത്തിച്ച് തുടങ്ങിയത്. എം.സി റോഡിലെ പടിഞ്ഞാറ് വശത്ത് ജോസ് പുരം ഭാഗത്ത് കനാല്‍ നിര്‍മിച്ചുവെങ്കിലും ഗതാഗതം തടസപ്പെടുമെന്ന കാരണത്താല്‍ അങ്കമാലി എംസി റോഡിന് കുറുകെയുള്ള കനാല്‍ നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതിന് പരിഹാരമായത് മണ്ണിനടിയിലൂടെ കനാല്‍ നിര്‍മിക്കാനുള്ള തീരുമാനത്തോടെയാണ്. മൂന്ന് കോടിയോളം രൂപ ചെലവിലാണ് കനാല്‍ നിര്‍മാണം. ഇടമലയാര് ജലസേചന പദ്ധതിയില്‍ ആദ്യമായി തുരങ്കരൂപത്തില്‍ നിര്‍മിക്കുന്ന കനാല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.

പദ്ധതിക്കായി ആദ്യം അനുവദിച്ച തുക വളരെ കുറവായത് കൊണ്ട് ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായിരുന്നില്ല. ഏറെ സമ്മര്‍ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവിലാണ്  പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് തയാറായത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുയാണ് ലക്ഷ്യം.