ആലുവയിലെ പത്തുഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും; നടപടിയുമായി നഗരസഭ

പഴകിയ ഭക്ഷണം വിറ്റ ആലുവയിലെ പത്ത് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍  നഗരസഭ നടപടി തുടങ്ങി. പഴകിയഭക്ഷണം വിറ്റതിന് മുമ്പും നടപടികള്‍ നേരിട്ട ഹോട്ടലുകള്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കുടുങ്ങി. നടപടി നേരിട്ട ഹോട്ടലുകള്‍ പേരുമാറ്റി വീണ്ടും പ്രവര്‍ത്തിക്കുന്നത് പതിവാണെന്നാണ് ആക്ഷേപം .

പാറ്റയുള്ള ചിക്കന്‍കറി, പുഴുങ്ങി ദിവസങ്ങളെത്തിയ മുട്ട  . ഇത്തരത്തില്‍  ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങളാണ് പരിശോധന നടന്ന പത്തു ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്തത് . ഇതേഹോട്ടലുകളില്‍ നിന്നു തന്നെ നേരത്തെ പലവട്ടം പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളും ഈ കൂട്ടത്തിലുണ്ട്.. എത്രനടപടി നേരട്ടാലും ഇതേ ഹോട്ടലുടമകള്‍ പേരുമാറ്റിയും മറ്റാളുകളുടെ പേരില്‍ ലൈസന്‍സെടുത്തും  പ്രവര്‍ത്തനം തുടരും . തുച്ഛമായ പിഴയീടാക്കി ഇത്തരക്കാരെ വെറുതേ വിടുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

ഇക്കുറി പിഴമാത്രമല്ല ലൈസന്‍സും റദ്ദാക്കുമെന്നാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നിലപാട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സുനില്‍കുമാറും ഗോപകുമാറും അറിയിച്ചു