സ്പൈസ് കോസ്റ്റ് മാരത്തൺ ആവേശത്തിൽ കൊച്ചി

ആരോഗ്യകരമായ ജീവിതത്തിൻറെ സന്ദേശവുമായി ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്പൈസ് കോസ്റ്റ് മാരത്തൺ ഈ മാസം പതിനൊന്നിന്. വെല്ലിങ്ടൺ ഐലൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന മാരത്തണിൽ ആറായിരത്തിലധികം പേർ പങ്കെടുക്കും. ഗ്രീൻ പ്രൊട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്.

നാലു വർഷം കൊണ്ട് കൊച്ചിയുടെ ഫിറ്റ്നസ്മാർക്ക് ആയി മാറിയ സ്പൈസ് കോസ്റ്റ് മാരത്തൺ വീണ്ടുമെത്തുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒട്ടേറെ പുതുമകളുമായാണ് ഇക്കുറി മാരത്തൺ എത്തുന്നത്. 42 കിലോമീറ്റർ ഫുൾ മാരത്തൺ, 21 കിലോമീറ്റർ ഹാഫ് മാരത്തൺ, എട്ട് കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മൽസരങ്ങൾ. കോർപറേറ്റ് സ്ഥാപനങ്ങൾക്കായി റിലേ മാരത്തണും ഉണ്ടാകും. വെല്ലിങ്ടൺ ഐലൻഡിൽ നിന്ന് ആരംഭിച്ച് തോപ്പുംപടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി വഴി കറങ്ങി രവിപുരത്തെത്തി നഗരത്തിൽ പ്രവേശിക്കുന്ന തരത്തിലാണ് മാരത്തണിൻറെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വെല്ലിങ്ടൺ ഐലൻഡിൽ തന്നെയായിരിക്കും സമാപനവും. മലീനികരണം പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കും കടലാസും ഒഴിവാക്കി ഗ്രീൻ പ്രൊട്ടോക്കോൾ പ്രകാരമാണ് മാരത്തൺ നടത്തുന്നത്.

രാജ്യാന്തര മാരത്തൺ അസോസിയേഷറെ അംഗീകാരവും ഇക്കൊല്ലം കൊച്ചി മാരത്തണുണ്ട്. വിജയകരമായി മാരത്തൺ പൂർത്തിയാക്കുന്നവർക്ക് ചകിരിയിൽ തീർത്ത പ്രത്യേക മെഡലുകളായിരിക്കും സമ്മാനമായി നൽകുക. മാരത്തണിൽ പങ്കെടുക്കുന്നതിന് സ്പൈസ്കോസ്റ്റ് മാരത്തൺ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ഞായറാഴ്ച വരെ പേരുകൾ റജിസ്റ്റർ ചെയ്യാം.