സ്‌റ്റേഷന്‍ നിര്‍മിക്കാനെന്ന പേരില്‍ കൃഷി വെട്ടിനശിപ്പിച്ചു; വനപാലകർക്കെതിരെ ആദിവാസികൾ

ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മിക്കാനെന്ന പേരില്‍ വനപാലകര്‍ ആദിവാസികളുടെ കൃഷി വെട്ടിനശിപ്പിച്ചതായി പരാതി. അടിമാലി ഗ്രാമപഞ്ചായത്തിലെ ചാറ്റുപാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് വനപാലകരുടെ  നടപടി.

അടിമാലി ചാറ്റുപാറക്കുടിക്ക് സമീപമുള്ള രാജപ്പന്റെ ഭൂമിയിലെ കൃഷിയാണ്  റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വെട്ടിനശിപ്പിച്ചത്. കാപ്പിയും ഏലവും ഏലത്തിന് തണലൊരുക്കിയിരുന്ന ചെറുമരങ്ങളും വനപാലകര്‍ വെട്ടിവീഴ്ത്തി. സംഭവമറിഞ്ഞ് ആദിവാസികള്‍ സംഘടിച്ചെത്തിയതോടെ നടപടിയില്‍ നിന്നും വനപാലകര്‍ പിന്‍വാങ്ങുകയായിരുന്നു. 

1953 മുതല്‍  കൈവശം വെച്ച് കരമടച്ച് കൃഷി ചെയ്യുന്ന  ഭൂമിയിലാണ് വനപാലകര്‍ കടന്ന് കയറാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. പ്രദേശത്ത് ഫോറസ്റ്റ് ഓഫീസ് നിര്‍മിക്കാനെന്ന പേരിലാണ് വനപാലക സംഘം കൃഷികള്‍ വെട്ടിനശിപ്പിച്ചത്. അത് അനുവദിക്കില്ലെന്നാണ് ആദിവാസികളുടെ നിലപാട്.