പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നില്ലെന്ന് റിപ്പോര്‍ട്ട്; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധം

കൊച്ചി ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്ത്  സെക്രട്ടറിക്കെതിരെ എംഎല്‍എയുടെ പ്രതിഷേധം . എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയാണ് സെക്രട്ടറിയെ ശകാരിച്ചത്. സെക്രട്ടറിയുടെ നടപടി പഞ്ചായത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിട്ടേണ്ട സര്‍ക്കാര്‍ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പ്രളയത്തെ തുടര്‍ന്ന് ഇരുന്നൂറ്റിയമ്പതിലേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന പഞ്ചായത്താണ് ചേരാനെല്ലൂര്‍ . എന്നാല്‍ ഒരൊറ്റ വീടു പോലും പ്രളയത്തില്‍ തകര്‍ന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയത്. ഇതിനെതിരെയാണ് പഞ്ചായത്ത് ഓഫിസിലെത്തിയ എംഎല്‍എ പൊട്ടിത്തെറിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിനു പുറമേ,സ്വകാര്യ വ്യക്തികളും സംഘടനകളും നല്‍കുന്ന സഹായങ്ങള്‍ പോലും ജനങ്ങള്‍ക്ക് കിട്ടാതിരിക്കാന്‍ സെക്രട്ടറിയുടെ നടപടി കാരണമാകുമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും ആവശ്യപ്പെട്ടു. അതേസമയം നഷ്ടപരിഹാരം തയാറാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ സോഫ്റ്റ്്്വെയറിലെ തകരാറാണ് പിഴവിന് കാരണമെന്ന വിശദീകരണമാണ് പഞ്ചായത്ത് സെക്രട്ടറി നല്‍കുന്നത്.