ആളെക്കൊല്ലി റോഡ് അടച്ച് പൊതുമരാമത്ത് വകുപ്പ്; വൈകിയ കണ്ണുതുറക്കൽ

കൊച്ചി നഗരത്തിലെ ആളെക്കൊല്ലി റോഡായ സിവിൽ ലൈൻ റോഡിലെ കുഴികൾ ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് അടച്ചുതുടങ്ങി. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതോടെയാണ് തിരക്കിട്ട് കുഴികള്‍ അടയ്ക്കാന്‍ തുടങ്ങിയത്. 

ഒരു ജീവൻ പൊലിയുന്നത് വരെ കാത്തിരുന്നു അധികാരികൾ. പാലാരിവട്ടത്തെയും കാക്കനാടിനെയും ബന്ധിപ്പിക്കുന്ന സിവിൽ ലൈൻ റോഡിലെ കുഴികളടയ്ക്കാൻ. മാസങ്ങളായി തകർന്നു കിടക്കുന്ന സിവിൽ ലൈൻ റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. റോഡ് നന്നാക്കാൻ പണമില്ല, ഫണ്ടില്ല എന്നെല്ലാം പറഞ്ഞ കൈ കഴുകിയിരുന്ന ഉദ്യോഗസ്ഥർക്ക് ഒറ്റരാത്രി കൊണ്ട് ഫണ്ടും കിട്ടി, നേരെ വെളുക്കും മുൻപേ പണിയും തുടങ്ങി. ഈ ബുദ്ധി അൽപം മുൻപേ തോന്നിയിരുന്നുവെങ്കിൽ സിവിൽ ലൈൻ റോഡിലെ പാതാളക്കുഴികളിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു.

ഇത്ര ആഴമുള്ള കുഴികളാണ് സിവിൽ ലൈൻ റോഡിലുള്ളത്. ചെറുവാഹനങ്ങളാണ് ഈ കുഴിയിൽ പെട്ടുപോകുന്നതിൽ ഏറെയും. ഈ വഴിയുള്ള ബൈക്ക് യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞാൽ റോഡേതാ, കുഴിയേതാ എന്നു പോലും പറയാനാകാത്ത സ്ഥിതി അപകട സാധ്യത ഇരട്ടിയാക്കുന്നു. 

ഇപ്പോൾ തിരക്കിട്ട് നടത്തുന്ന ഈ ഓട്ടയടക്കൽ ഐസുകട്ടയ്ക്ക് പെയിൻറടിക്കുന്നതിന് തുല്യമാണെന്നും നാട്ടുകാർ പറയുന്നു. നല്ലൊരു മഴ പെയ്താൽ റോഡ് വീണ്ടും പഴയ പടിയാകും. സിവിൽ ലൈൻ റോഡിലെ മുൻ അനുഭവങ്ങളും അതുതന്നെയാണ്.