സ്കൂൾ വിദ്യാർത്ഥികൾക്ക് സഹായമേകാൻ കൊച്ചിയിൽ ദാണ്ഡിയ രാവ്

പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സഹായമേകാൻ കൊച്ചിയിൽ ദാണ്ഡിയ രാവ്.  സ്കൂളുകളുടെ പുനരുദ്ധാരണത്തിനാണ് പരിപാടിയുടെ വരുമാനം നീക്കി വയ്ക്കുക. ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലത്തെ ആഘോഷ കാഴ്ചയാണ് ദണ്ഡിയാ നൃത്തം. എന്നാൽ ഈ നവരാത്രി ദിനങ്ങളിൽ കൊച്ചിയിൽ ദണ്ഡിയാ നൃത്തം ആഘോഷ കാഴ്ച ആയിരുന്നില്ല... മറിച്ചു പ്രളയത്തിൽ പഠനം മുടങ്ങിപ്പോയ കുട്ടികൾക്ക് ഒരു കൈത്താങ്ങായിരുന്നു. 

പ്രളയ കെടുതികൾ ഏറ്റു വാങ്ങേണ്ടി വന്ന പ്രദേശങ്ങളിലേക്ക് ജ‌നകീയ പങ്കാളിത്തത്തോടെ സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ദണ്ഡിയാ രാവ് ഒരുക്കിയത്. ഏതാനും വീട്ടമ്മമാരുടെ മനസ്സിൽ വിരിഞ്ഞ ഈ ആശയത്തിന് പക്ഷേ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് 

പ്രളയ കെടുതികളിൽ പഠനം തടസ്സപ്പെട്ട സ്കൂൾ കുട്ടികളുടെ തുടർപഠനത്തിന്‌ സൗകര്യങ്ങൾ ഒരുക്കുകയാണ് ഇവരുടെ മുഖ്യ ലക്ഷ്യം. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കു ചുവടുകൾ വച്ചപ്പോൾ പങ്കെടുത്തവർക്കും ഇത് വേറിട്ട ഒരു അനുഭവമായി. ദണ്ഡിയാ നൃത്തത്തിന് പുറമെ വിവിധ തരത്തിലുള്ള കലാപരിപാടികളും ഇതോടു അനുബന്ധിച്ചു ഒരുക്കിയിരുന്നു.